ബംഗളൂരു-അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് അഴിയെണ്ണുന്ന ശശികലയ്ക്ക് ജയിലിൽ ആർഭാട ജീവിതം. പരപ്പന അഗ്രഹാര ജയിലിന് അകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കന്നട ചാനൽ ശുദ്ധി ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ജയിലിൽ എല്ലാവിധ സുഖസൗകര്യങ്ങളും എഐഎഡിഎംകെ നേതാവിന് ലഭിക്കുന്നു. ജയിൽ വേഷം പോലും ശശികലയ്ക്ക് ധരിക്കേണ്ടതില്ല. ആവശ്യമുള്ള ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക അടുക്കള സൗകര്യവും ഉണ്ട്. ശശികലയുടെ ആഡംബര ജീവിതത്തിന് തെളിവായി പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ പൊട്ടുതൊട്ട് സിൽക്ക് ചുരിദാർ ധരിച്ച് നിൽക്കുന്ന ശശികലയെ കാണാം. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം തന്റെ ഭക്ഷണവുമായി സെല്ലിലേക്ക് പോകുന്ന ശശികല ദൃശ്യങ്ങളിൽ വ്യക്തമാണ്.
ശശികലക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ജയിൽ ഡിജിപിയായിരുന്ന ഡി രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് ഇതിൻമേൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ശശികലയുടെ ജയിലിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വരുന്നത്.
പരപ്പന അഗ്രഹാര ജയിൽ ശശികലക്ക് മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് രൂപയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും ഇത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിൽ ഡയറക്ടർ ജനറൽ എച്ച് എൻ സത്യനാരായണ റാവുവിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രൂപയെ സ്ഥലം മാറ്റി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ജീവിത സാഹചര്യത്തോട് പൊരുത്തപ്പെടാനാകാത്തതിനാൽ ശശികല നേരത്തെ ജയിൽ മാറ്റത്തിന് ശ്രമിച്ചിരുന്നു. അനധികൃത സ്വത്തു കേസിൽ മുൻ മുഖ്യമന്ത്രി ജയലളിതക്കൊപ്പം പരപ്പനയിലെ ജയിലിൽ കഴിഞ്ഞപ്പോൾ വി ഐ പി സൗകര്യം ലഭിച്ചിരുന്നു.






