ന്യൂദൽഹി- അസം മാതൃകയിലുള്ള പൗരത്വ രജിസ്‌ട്രേഷൻ നടപ്പാക്കിയാൽ ദൽഹിയിൽനിന്ന് ആദ്യം പുറത്തുപോകേണ്ടി വരിക ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരിയായിരിക്കുമെന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നിൽ വൻ പ്രതിഷേധമാണ് ബി.ജെ.പി സംഘടിപ്പിച്ചത്. ബിഹാറിൽ ജനിച്ച മനോജ് തിവാരിക്ക് പൗരത്വ രജിസ്‌ട്രേഷൻ മാതൃക നടപ്പാക്കുകയാണെങ്കിൽ ദൽഹിയിൽനിന്ന് പുറത്തുപോകേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞദിവസം കെജ്രിവാൾ പറഞ്ഞത്. എൻ.ആർ.സിയിലെ എൻ എന്നത് ദേശീയം ആണെന്ന് മനസിലാക്കാൻ അരവിന്ദ് കെജ്രിവാളിന് അടക്കം സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര ചൂണ്ടിക്കാട്ടി. കെജ്രിവാളിനെതിരെ കപിൽ മിശ്ര പോലീസിൽ പരാതിയും നൽകി. മുൻ ആം ആദ്മി നേതാവും നിലവിൽ കോൺഗ്രസ് നേതാവുമായ ആൽക്ക ലംബയും കെജ്രിവാളിന്റെ പ്രസ്താവനയിൽ എതിർപ്പുമായി രംഗത്തെത്തി.