റിയാദ് - വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ചു വർഷത്തേക്ക് സർക്കാർ വഹിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 2,974 കോടി റിയാൽ ലാഭിക്കാനാകുമെന്ന് കണക്ക്.
മന്ത്രിസഭാ തീരുമാന പ്രകാരം അടുത്ത മാസം ഒന്നാം തീയതി മുതൽ അഞ്ചു വർഷത്തേക്കാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കുക.
രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിൽ 6,44,590 വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിൽ 6,28,000 ഓളം പേർ പുരുഷന്മാരും 16,273 പേർ വനിതകളുമാണ്. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളിൽ 4,44,946 പേർ പ്രതിമാസം 800 റിയാൽ ലെവി ബാധകമായവരാണ്. ഇവർക്ക് ലെവി ഇനത്തിൽ അഞ്ചു വർഷം 2,136 കോടി റിയാൽ അടക്കേണ്ടതുണ്ട്. പ്രതിമാസം 700 റിയാൽ തോതിൽ ലെവി ബാധകമായ 1,99,644 വിദേശികളും വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഇവർക്ക് ലെവി ഇനത്തിൽ അഞ്ചു വർഷത്തേക്ക് 839 കോടി റിയാൽ അടക്കേണ്ടിവരും.
സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരുടെ എണ്ണത്തെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാലും സ്വദേശി ജീവനക്കാരുടെ എണ്ണത്തിനു തുല്യമോ അതിൽ കുറവോ ആയ വിദേശികൾക്ക് പ്രതിമാസം 700 റിയാലുമാണ് ലെവി ഇനത്തിൽ അടക്കേണ്ടത്. വ്യവസായ സ്ഥാപനങ്ങളിൽ പ്രതിമാസം 800 റിയാലും 700 റിയാലും തോതിൽ ലെവി അടക്കേണ്ട വിദേശ തൊഴിലാളികൾക്ക് അഞ്ചു വർഷത്തേക്ക് ആകെ 2,974 കോടി റിയാലാണ് അടക്കേണ്ടിവരിക. ഈ തുക സർക്കാർ വഹിക്കും. ഇതുപ്രകാരം അഞ്ചു വർഷത്തേക്ക് വ്യവസായ സ്ഥാപനങ്ങൾ വിദേശ തൊഴിലാളികൾക്ക് ലെവി അടക്കേണ്ടിവരില്ല.
രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 9.68 ശതമാനം വ്യവസായ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 66.6 ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. അതേസമയം, വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ അഞ്ചു വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനം വ്യവസായ മേഖലയിലും മറ്റു മേഖലകളിലും ഉത്തേജനമുണ്ടാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.