കോഴിക്കോട്- മുക്കം കോഴിക്കോട് റോഡില്‍ മണാശ്ശേരിക്കടുത്ത് ടിപ്പര്‍ ഡ്രൈവറെ വാഹനം തടഞ്ഞ് നിര്‍ത്തി തലക്കടിച്ച് വീഴ്ത്തി കവര്‍ച്ച.
മണാശ്ശേരിക്കും കരിയാകുളങ്ങരക്കുമിടയില്‍ വെച്ചാണ് സംഭവം. ചാത്തമംഗലത്ത് നിന്ന് മുക്കം ഭാഗത്തെ ക്വാറിയിലേക്ക് ലോഡ് എടുക്കാനായി വരികയായിരുന്ന ചാത്തമംഗലം പാല പ്രമീത്തല്‍ ബിജുവിനെ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നത്. ടിപ്പറിനെ ഓവര്‍ ടേക്ക് ചെയ്ത ശേഷം ടിപ്പറിന്റെ ഓയില്‍ ലീക്കാണന്ന് പറഞ്ഞ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. പുറത്തിറങ്ങിയ ബിജു വാഹനത്തിന്റെ ഓയില്‍ ടാങ്ക് പരിശോധിക്കുന്നതിനിടെ തലക്കടിച്ചു വീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. സാരമായി പരിക്കേറ്റ ബിജു കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സ്വര്‍ണവും ഫോണുമായി കടന്ന് കളഞ്ഞ മോഷ്ടാക്കള്‍ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനത്തേയും തട്ടിയിട്ടു. മണാശ്ശേരികയ്യേരിക്കല്‍ സ്വദേശി രാജേഷ്, ഭാര്യ അനില, മക്കള്‍ എന്നിവരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ അനിലയും കെ.എം.സി.ടിയില്‍ ചികിത്സയിലാണ്.
കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ബൈജുവിന് ലഭിച്ചിട്ടുണ്ട്. ഈ ഫോണിലെ പ്രൊഫൈല്‍ ഫോട്ടോ പ്രതിയുടേതാണെന്ന് സംശയമുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലീസ് പരിശോധിച്ചെങ്കിലും നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. പ്രതികള്‍ ബാലുശ്ശേരി, കൊയിലാണ്ടി സ്വദേശികളാണെന്നാണ് സൂചന. മുക്കം എസ്.ഐ ഷാജിദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ വീട്ടില്‍ പോയെങ്കിലും പിടികൂടാനായില്ല. ഇവര്‍ ഒളിവിലാണെന്നാണ് സൂചന. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്.