എല്ലാവരുടേയും ഇന്ത്യ; ദല്‍ഹിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം

ന്യൂദല്‍ഹി- ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയുടെ  ജീവനെടുത്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ ഷായിസ്ത പര്‍വീന്‍. നിര്‍ഭയ ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന തലക്കെട്ടില്‍ ദല്‍ഹിയില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെത്തിയപ്പോഴാണ് ഷായിസ്തയുടെ പ്രതികരണം.
ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടിന്റ ഭാര്യ ശ്വേ ഭട്ടടക്കം നിരവധി പേര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു
ജയ്ശ്രീറാം ചൊല്ലാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് കൊലക്കുറ്റം ഒഴിവാക്കിയ ജാര്‍ഖണ്ഡ് പോലീസ് നടപടി ഏറെ വിവാദമായിരുന്നു. പിന്നീട് പോലീസ് രണ്ട് പ്രതികള്‍ക്ക് കൊലക്കുറ്റം കൂടി ചുമത്തി അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. മുഴുവന്‍ പ്രതികള്‍ക്കും ഏറ്റവും കൂടിയ ശിക്ഷയായ വധശിക്ഷ തന്നെ ഷായിസ്ത പര്‍വീന്‍ പറഞ്ഞു.
പോലീസ് പ്രതികള്‍ക്കായി ഒത്തുകളിക്കുകയും കേസില്‍നിന്ന് 302 വകുപ്പ് ഒഴിവാക്കുകയുമാണ് ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല. നീതി നിഷേധത്തിനെതിരെ ഏതറ്റം വരേയും പോരാടും. 13 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ക്കെതിരേ മാത്രമാണ് നലവില്‍ 302 വകുപ്പ്  പുന:സ്ഥാപിച്ചത്. ബാക്കിയുള്ള 11 പ്രതികളുടെ പേരിലും ഇതേ വകുപ്പ് ചുമത്തണമെന്നും എല്ലാ പ്രതികള്‍ക്കും വധശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദല്‍ഹിയിലെ ജന്ദര്‍ മന്ദറിലാണ് മുസ്ലിം ലീഗ് പ്രതിഷേധ
പരിപാടി സംഘടിപ്പിച്ചത്. ജാതിയോ മതമോ നോക്കാതെ ചുമതല നിര്‍വഹിച്ചതിന്റ പേരിലാണ് തന്റ ഭര്‍ത്താവിനെ വേട്ടയാടുന്നതെന്ന് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റ ഭാര്യ ശ്വേതാ ഭട്ട് പറഞ്ഞു. മകള്‍ ആകാശി ഭട്ടും പരിപാടിയില്‍ പങ്കെടുത്തു.
മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ഖാദര്‍ മൊയ്തീന്‍, ഖുര്‍റം അനീസ് എന്നവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

Latest News