തെരുവില്‍ മലവിസര്‍ജനം നടത്തിയതിന് രണ്ടു ദലിത് കുട്ടികളെ അടിച്ചു കൊന്നു

ഭോപാല്‍- മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ ഒരു പഞ്ചായത്ത് കെട്ടിടത്തിനു മുമ്പില്‍ തെരുവില്‍ മലവിസര്‍ജനം നടത്തിയതിന്റെ പേരില്‍ ദലിതരായ രണ്ടു കുട്ടികളെ രണ്ടു പേര്‍ ചേര്‍ന്ന് അടിച്ചു കൊന്നു. പ്രതികളായ ഹക്കിം യാദവ് സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇവര്‍ക്കു മാത്രമെ പങ്കുള്ളൂവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ഭാവ്‌കേഡി ഗ്രാത്തില്‍ തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതയി കൊല്ലപ്പെട്ട ഒരു കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രദേശത്തെ ഹാന്‍ഡ് പമ്പില്‍ നിന്ന് പ്രദേശ വാസികളെല്ലാം വെള്ളമെടുത്തിനു ശേഷമെ തങ്ങളെ വെള്ളമെടുക്കാന്‍ അനുവദിക്കാറുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

ബുധനാഴ്ച രാവിലെ 6.30നാണ് കുട്ടികളെ പ്രതികള്‍ മര്‍ദിച്ചു കൊന്നതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 12 വയസ്സുള്ള റോഷനി ബാല്‍മികി, 10 വയസ്സുകാരന്‍ അവിനാഷ് ബാല്‍മികി എന്നിവരാണ് കൊല്ലപ്പെട്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പ്രതികളുമായി രണ്ടു വര്‍ഷം മുമ്പ് വാക്കേറ്റമുണ്ടായിരുന്നുവെന്നും അവര്‍ ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നും കൊല്ലപ്പെട്ട ഒരു കുട്ടിയുടെ അച്ഛനായ മനോജ് ബാല്‍മികി പറഞ്ഞു. ഇവര്‍ തങ്ങളെ കൊണ്ട് തുച്ഛമായ കൂലിക്ക് ജോലി ചെയ്യിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News