Sorry, you need to enable JavaScript to visit this website.

ദല്‍ഹിക്കു മുമ്പില്‍ മഹാരാഷ്ട്ര തലകുനിക്കില്ല, ജയിലില്‍ പോകാനും തയാര്‍; കള്ളപ്പണക്കേസില്‍ ശരത് പവാറിന്റെ മറുപടി

മുംബൈ- കള്ളപ്പണ കേസില്‍ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബിജെപിക്കെതിരെ ശക്തമായ പ്രതികരണുവമായി എന്‍സിപി നേതാവ് ശരത് പവാര്‍. നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു തിരക്കുകളിലാകും മുമ്പ് വെള്ളിചാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ നേരിട്ടെത്തി ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ കിട്ടുന്നില്ലെന്ന് അവര്‍ കരുതരുതെന്നും പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര പിന്തുടരുന്നത് ഛത്രപതി ശിവജി മഹാരാജിന്റെ പ്രത്യയശാസ്ത്രമാണ്. ദല്‍ഹി സിംഹാസനത്തിനു മുമ്പില്‍ തലകുനിക്കുന്നത് എങ്ങനെ എന്ന് നമുക്കറിയില്ല-അദ്ദേഹം തിരിച്ചടിച്ചു. ഒരിക്കലും ജയിലില്‍ കിടന്നിട്ടില്ലാത്തതിനാല്‍ ജയിലില്‍  പോകാനും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ തിരിമറി നടന്നെന്ന ഒരു പരാതിയിലാണ് ശരത് പവാറിനെ ഉള്‍്‌പ്പെടുത്തിയിരിക്കുന്നത്. കേസില്‍ പവാര്‍ പ്രതിയല്ല. പവാറിന്റെ ബന്ധു അജിത് പവാറിന്റേ പേരും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കള്ളപ്പണ കേസ് ഉയര്‍ന്നു വന്ന സമയത്തേയും പവാര്‍ ചോദ്യംച ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസമെ ഉള്ളൂ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്നും എനിക്കു ലഭിക്കുന്ന പ്രതികരണം കാണുമ്പോള്‍, എനിക്കെതിരെ കേസെടുത്തില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ- പവാര്‍ പറഞ്ഞു. ബിജെപി-ശിവസേന സഖ്യത്തോട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് എന്‍സിപി പൊരുതുന്നത്.

കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരേയും പവാര്‍ പ്രതികരിച്ചിരുന്നു. അവരുടെ പാര്‍ട്ടിയുടെ ഒരു നേതാവ് ചോദിക്കുന്നത് ശരത് പവാര്‍ എന്തു ചെയ്തു എന്നാണ്. എനിക്കൊരു കാര്യമെ പറയാനുള്ളൂ. ശരത് പവാര്‍ അദ്ദേഹത്തിന്റെ ചെയ്തിയുടെ പേരില്‍ ഒരിക്കല്‍ പോലും ജയിലില്‍ കിടന്നിട്ടില്ല. മാസങ്ങളോളം ജയിലില്‍ കിടന്നവരാണ് ഞാന്‍ ചെയ്ത കാര്യങ്ങളെ ചോദ്യം ചെയ്യുന്നത്- പവാര്‍ ആഞ്ഞടിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത് ഷായെ വര്‍ഷങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്.
 

Latest News