ന്യൂദല്‍ഹി- ശ്രീരാമന്റെ ജന്മസ്ഥലം അയോധ്യയിലെ ബാബ്‌രി മസ്്ജിദാണെന്ന് മുസ്ലിംകള്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചുവെന്ന് വ്യാപക പ്രചാരണം. ഒരു വിഭാഗം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമാണ് സുപ്രീം കോടതിയില്‍ നടന്ന വാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രചാരണം ഏറ്റുപിടിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ബാബ്‌രി മസ്ജിദല്ല, പള്ളിക്ക് പുറത്തുള്ള രാം ഛബൂത്രയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് മുസ്ലിം വിഭാഗം വാദിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഫരിയാബ് ജീലാനിയാണ് ഇക്കാര്യം പറഞ്ഞത്.
ബാബരി മസ്ജിദിന്റെ ഉള്‍വശം ഒരിക്കലും ജന്മസ്ഥലമായിരുന്നില്ല എന്നാണ് ജീലാനി വാദിച്ചത്. ബാബരി മസ്ജിദിനുള്ളിലെ സ്ഥലം ഹിന്ദുക്കള്‍ ഒരിക്കലും രാമന്റെ ജന്മസ്ഥലമായി ആരാധിച്ചിരുന്നില്ല. എന്നാല്‍ അവര്‍ രാം ഛബൂത്ര ജന്മസ്ഥലമായി ആരാധിച്ചു. രാം ഛബൂത്ര പള്ളിയില്‍ നിന്ന് 50 മുതല്‍ 80 അടി വരെ അകലെയാണ്-അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയോട് ആവര്‍ത്തിച്ചു വിശദീകരിച്ചെങ്കിലും മാധ്യമങ്ങള്‍ അയോധ്യയും ബാബ് രി മസ്ജിദും രാമന്റെ ജന്മസ്ഥലമായി മുസ്ലിംകള്‍ അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണത്തിനു കാരണം. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്ക് തര്‍ക്കമില്ല താനും.
നേരത്തെ മുസ്്‌ലിം പക്ഷത്തിനായി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ രാം ഛബൂത്ര രാമന്റെ ജന്മസ്ഥാലമാണെന്ന് സമ്മതിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തര്‍ക്കമില്ലല്ലോ എന്ന് സഫരിയാബ് ജീലാനിയോട് ജസ്റ്റ്‌സ് ബോബ്‌ഡേ ചോദിച്ചത്. അതില്‍ ഒരു തര്‍ക്കവുമില്ലെന്നും തര്‍ക്കം ജന്മസ്ഥലം പള്ളിക്കുള്ളിലാണെന്ന എതിര്‍ വിഭാഗത്തിന്റെ നിലപാടിനെക്കുറിച്ചാണെന്നുമാണ് ജിലാനി മറുപടി നല്‍കിയത്.
രാം ഛബൂത്ര ജന്മസ്ഥലമാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ജില്ലാ ജഡ്ജി അങ്ങനെ കണ്ടെത്തിയതിനാലാണ് അംഗീകരിക്കുന്നതെന്നും ജിലാനി പ്രതികരിച്ചു. ഈ സയമം ഇടപെട്ട ജസ്റ്റിസ് അശോക് ഭൂഷണ്‍ രാം ഛബൂത്ര രാമന്റെ കൃത്യമായ ജന്മസ്ഥലമാണെന്ന് ഒരു കോടതിയും തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു.






