കൊണ്ടോട്ടി- ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലേക്ക് സ്വര്‍ണവുമായി എത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത ശേഷം വഴിയില്‍ തള്ളിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം മൂന്നു പേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ കമ്പളക്കാട് കണിയാമ്പറ്റ പൊറ്റമ്മല്‍ സബിന്‍ റാഷിദ് (24), കമ്പളക്കാട് ചെറുവണക്കാട് സി.എ.മുഹ്‌സിന്‍ (24), കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കലംപറമ്പില്‍ കെ.എം. ഫഹദ് (22) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ നാലു പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മാഫിയക്കു വേണ്ടി സ്വര്‍ണക്കടത്ത് കാരിയറായി എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ വെച്ചാണ് വയനാട് സംഘം തട്ടിക്കൊണ്ടു പോയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം കൈക്കലാക്കാനാണ് യുവാവിനെ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് സ്വര്‍ണം കവര്‍ച്ച ചെയ്ത ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ചു. പിന്നാലെ കൊടുവള്ളി സ്വര്‍ണ കള്ളക്കടത്തു സംഘവും ഇയാളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്. സ്വര്‍ണ മാഫിയയുടെ ഭീഷണി മൂലം പോലീസില്‍ പരാതിപ്പെടാന്‍ ഭയന്ന യുവാവ് പിന്നീട് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലു പേര്‍ പിടിയിലായത്.
10 പേരടങ്ങുന്ന സംഘമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് ലഭിച്ച വിവരം. മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. നേരത്തെ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി എയര്‍പോര്‍ട്ടിലും ഇവരുടെ വീടുകളിലും റിസോര്‍ട്ടിലും കൊണ്ടുപോയി പോലീസ് തെളിവെടുപ്പു നടത്തി.
പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഷംസിന്റെ നിര്‍ദേശ പ്രകാരം കൊണ്ടോട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈജു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, ശ്രീരാമന്‍, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.






