മഞ്ചേരി ഇസ്‌ലാഹി കാമ്പസ് മസ്ജിദ് കമ്മിറ്റിക്കെതിരായ കേസ് തള്ളി

മഞ്ചേരി- മഞ്ചേരി ഇസ്‌ലാഹി കാമ്പസ് മസ്ജിദ് പരിപാലന കമ്മിറ്റിക്കെതിരെ കെ.എന്‍.എം ഔദ്യോഗിക വിഭാഗം ഫയല്‍ ചെയ്ത കേസ് മഞ്ചേരി സബ് കോടതി ചെലവ് സഹിതം തള്ളി. 2007 ല്‍ മടവൂര്‍ വിഭാഗവുമായി വേര്‍പിരിഞ്ഞപ്പോള്‍ കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിനാണ് ഇസ്‌ലാഹി കാമ്പസ് ഭരണം ലഭിച്ചത്. അന്ന് രൂപവല്‍ക്കരിച്ച 15 അംഗ കമ്മിറ്റിയാണ് പള്ളി പരിപാലനം നടത്തി വരുന്നത്.  2007 ല്‍ ഒരു വിഭാഗം ഖത്തീബിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

2013 മാര്‍ച്ച് 15ന് പള്ളി ഖത്തീബിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പോലീസ് ഇടപെട്ട് പള്ളി പൂട്ടുകയുമായിരുന്നു. പോലീസ് നിയന്ത്രണത്തിലായതിനാല്‍ ഏറെക്കാലം ഇവിടെ ജുമുഅ മുടങ്ങി. തുടര്‍ന്ന് ഔദ്യോഗിക വിഭാഗം മുജാഹിദ് ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി, ഈസ്റ്റ് ജില്ലാ സെക്രട്ടറി ഒ. അഹമ്മദ്കുട്ടി എന്ന നാണി ഹാജി, ശാഖാ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസ് എന്നിവര്‍ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ ആലിയത്തൊടി അബ്ദുല്‍ ജലീല്‍, ഇ.കെ ഷാഹുല്‍ ഹമീദ്, ഏരിക്കുന്നന്‍ അബ്ദുല്‍ സലാം, എ.വി അബ്ദുല്‍ ഹമീദ് എന്നിവരെ പ്രതി ചേര്‍ത്ത് മഞ്ചേരി സബ് കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കാമ്പസില്‍ പ്രവേശിക്കുന്നത് 2013 ഏപ്രില്‍ 12ന് താല്‍ക്കാലിക ഉത്തരവിലൂടെ കോടതി വിലക്കിയിരുന്നു. എന്നാല്‍ കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിന് ഇസ്‌ലാഹി കാമ്പസിലെ മസ്ജിദില്‍ അവകാശം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയ കോടതി കേസ് ചെലവു സഹിതം തള്ളുകയായിരുന്നു. എതിര്‍ കക്ഷികള്‍ക്ക് വേണ്ടി അഡ്വ. കെ.പി.മുഹമ്മദ് ഷരീഫ് ഹാജരായി.

 

Latest News