കശ്മീരില്‍ സൈന്യത്തിന്റെ കൊടിയ പീഡനമെന്ന് അന്വേഷണ സംഘം; പ്രസവം വീടുകളില്‍

കശ്മീര്‍ സന്ദര്‍ശിച്ച വനിതാ സംഘം ദല്‍ഹി പ്രസ് ക്ലബില്‍ തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍.

ന്യൂദല്‍ഹി- സൈനിക വലയത്തിനുള്ളില്‍ കശ്മീരികള്‍ക്ക് കൊടിയ പീഡനമെന്ന് കശ്മീര്‍ സന്ദര്‍ശിച്ച വനിതാ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വീടുകളില്‍ കയറിയാണ് സൈന്യത്തിന്റെ അതിക്രമം. യുവാക്കളെ വ്യാപകമായി പിടിച്ചുകൊണ്ടുപോകുന്നു. ചികിത്സക്കായി ആളുകള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ആറു മണിയ്ക്ക് ശേഷം വീടുകളില്‍ ലൈറ്റണയ്ക്കാത്തതിന്റെ പേരില്‍ വീട്ടുടമസ്ഥരെ സൈന്യം പിടിച്ചുകൊണ്ടു പോയി തടവിലിട്ടതായും വസ്തുതാന്വേഷണ സംഘം കുറ്റപ്പെടുത്തി.
സി.പി.ഐയുടെ ആനി രാജ, മുസ്‌ലിം വിമന്‍സ് ഫോറത്തിന്റെ സൈദാ ഹമീദ്, നാഷണല്‍ ഫെഡറേഷന്‍ ഇന്ത്യന്‍ വിമണിന്റെ പങ്കൂരി സഹീര്‍, പ്രഗതിശീല്‍ മഹിളാ സംഘടനിന്റെ പൂനം കൗശിക്, കവല്‍ജിത് കൗര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ മാസം 17 മുതല്‍ 21 വരെ കശ്മീര്‍ സന്ദര്‍ശിച്ചത്. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കശ്മീരില്‍ കടകളും ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗര്‍, പുല്‍വാമ, ബന്ദിപുര, ഷോപ്പിയാന്‍ എന്നീ നാലു ജില്ലകളാണ് സംഘം സന്ദര്‍ശിച്ചത്. നാലിടത്തെയും സാഹചര്യം സമാനമാണ്.  
എട്ടുമണിയായാല്‍ വീടുകളില്‍ വിളക്കുകള്‍ അണച്ചിരിക്കണം. പരിശോധനയുടെ പേരില്‍ വീടുകളില്‍ കയറി സൈനികര്‍ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. സൂക്ഷിച്ചു വെച്ച റേഷനരിയില്‍ മണ്ണെണ്ണയൊഴിച്ചു. മറ്റു ഭക്ഷ്യവസ്തുക്കള്‍ വാരിവലിച്ച് മുറ്റത്തേക്ക് എറിഞ്ഞതായും വീട്ടമ്മമാര്‍ പറഞ്ഞു.
ബന്ദിപുരയില്‍ പരീക്ഷക്കു വേണ്ടി പഠിക്കാന്‍ ലൈറ്റിട്ടതിന് ഒരു വീട്ടിലെത്തിയ സൈനികര്‍ വീട്ടിലുണ്ടായിരുന്ന പുരുഷന്‍മാരെയെല്ലാം കര്‍ഫ്യൂ ലംഘിച്ചുവെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയി. ആറുമണിക്ക് ശേഷം പുരുഷന്‍മാര്‍ക്ക് വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഫോണിന്റെ വെളിച്ചത്തിലാണ് രാത്രി ബാത്ത്‌റൂമില്‍ പോകുന്നതെന്നും അത് തന്നെ വെളിച്ചം പുറത്തു കാണാത്ത വിധം സൂക്ഷിച്ചാണ് ഉപയോഗിക്കുന്നതെന്നും സറീനയെന്ന വീട്ടമ്മ പറഞ്ഞു.
വീട്ടിലെ മുതിര്‍ന്ന അംഗം മരിച്ചപ്പോള്‍ അകലെയുള്ള ബന്ധുക്കളെ അറിയിക്കാന്‍ പോലും നിവൃത്തിയില്ലാതെ അടക്കം ചെയ്യേണ്ടിവന്നു. പൊതുഗതാഗതം തീരെയില്ല. അടിയന്തര ഘട്ടത്തില്‍ മാത്രമാണ് സ്വന്തമായി വാഹനമുള്ളവര്‍ പോലും പുറത്തിറങ്ങുന്നത്. അവന്തിപുരയിലേക്ക് പോകവെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതി സൈന്യം സ്ഥാപിച്ച സ്പീഡ് ബ്രേക്കറില്‍ത്തട്ടി വീണ് ഗുരുതരാവസ്ഥയിലായ അനുഭവം ഒരു യുവാവ് പറഞ്ഞു. യുവതിയിപ്പോഴും അബോധാവസ്ഥയിലാണ്.
ശ്രീനഗറിലെ ലാലാഡെഡ് വനിതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഈ സാഹചര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വാഹനമില്ലാത്തതിനാല്‍ പ്രസവത്തിന് പോലും സ്ത്രീകള്‍ക്ക് എത്താന്‍ കഴിയുന്നില്ല. വീടുകളിലാണ് ഇപ്പോള്‍ പ്രസവം നടക്കുന്നത്. ആവശ്യത്തിന് ആംബുലന്‍സുകളില്ല. ഉള്ളത് പരിശോധനാ കേന്ദ്രങ്ങളില്‍ തടഞ്ഞുവെക്കുന്നു. കടുത്ത വിഷാദവുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയതായും പ്രായം തികയാതെ പ്രസവിക്കുകയും കുട്ടികള്‍ അപകടാവസ്ഥയിലായ നിരവധി സംഭവങ്ങളുള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് പോകാന്‍ സമ്മതിക്കാതെ പോലീസ് വഴിയില്‍ തടയുന്നു. സ്ത്രീകളുടെ മുഖപടം സൈന്യം വലിച്ചു കീറുന്നതായി പലരും പരാതിപ്പെട്ടു. 14,15 വയസ്സായ കുട്ടികളെ സൈന്യം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്നു. ഫോണുകള്‍ പിടികൂടി കൊണ്ടുപോകുന്നു. ഫോണ്‍ തിരിച്ചു കിട്ടാന്‍ സൈനിക ക്യാംപില്‍ പോകാനാണ് പറയുന്നത്. പീഡനം ഭയന്ന് വില കൂടിയ ഫോണായിട്ടു പോലും ആരും വാങ്ങാന്‍ പോകാറില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

Latest News