സൗദിയില്‍ മലയാളി കുടുംബം അപകടത്തല്‍ പെട്ട് ഒമ്പതു വയസ്സുകാരന്‍ മരിച്ചു

റിയാദ് - ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍  അപകടത്തില്‍ പെട്ട് ബാലന്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ഖുവയ്യയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.
തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ രജിത മന്‍സിലിലെ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. ഫാരിസിന്റെ മാതാപിതാക്കളായ മന്‍സൂര്‍, റജില ബീഗം, സഹോദന്‍ മുഹമ്മദ് ഹഫീസ്, കാറോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് നായിഫ് എന്നിവരെ പരിക്കുകളോടെ റിയാദ് റബ്‌വയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ റജിലയുടെ നില ഗുരുതരമാണ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു മന്‍സൂറിന്റെ കുടുംബം.
റോഡിലുണ്ടായിരുന്ന ഗട്ടര്‍ ഒഴിവാക്കി ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. അല്‍ഖുവയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള ഫാരിസിന്റെ മൃതദേഹം ഖബറടക്കത്തിനുള്ള നടപടികളുമായി സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം രംഗത്തുണ്ട്.

 

 

Latest News