ജിസാൻ -മൈദ മാവ് ചവിട്ടിക്കുഴക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ നായകൻ ജിസാനിലെ സബ്‌യയിൽ പിടിയിലായി.
കാലുകൾ കൊണ്ട് മാവ് കുഴച്ച യെമനി തൊഴിലാളിയെ പോലീസ്, നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവയുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റിയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മാവ് ചവിട്ടിക്കുഴക്കുഴക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി നിയമ ലംഘകനെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. താമസസ്ഥലം റെയ്ഡ് ചെയ്താണ് തൊഴിലാളിയെ പിടികൂടിയത്.
വൃത്തിയില്ലാത്ത പാത്രങ്ങളിൽ ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ മാവ് തയാറാക്കിയ മറ്റു രണ്ടു തൊഴിലാളികളെയും ഇവിടെനിന്ന് പിടികൂടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് തൊഴിലാളികൾ മാവ് തയാറാക്കിയിരുന്നത്. ഭക്ഷണം തയാറാക്കുന്നതിന് ഈ കെട്ടിടം അനുയോജ്യമല്ലെന്നും വ്യക്തമായി. തൊഴിലാളികളുടെ താമസ സ്ഥലത്ത് കണ്ടെത്തിയ പാത്രങ്ങളും മാവും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.