Monday , February   17, 2020
Monday , February   17, 2020

നെല്ലിയാമ്പതിയുടെ വന്യ സൗന്ദര്യത്തിലൂടെ

നെല്ലിയാമ്പതിയുടെ ദൃശ്യ ഭംഗി. 
വരിക്കാശ്ശേരി മന. 
പോത്തുണ്ടി ഡാം. 
ലേഖിക

സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവർ ഒട്ടും അമാന്തിക്കാതെ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് ഹിൽ സ്റ്റേഷനുകളെയാണ്. അത് കേരളത്തിലേതാകുമ്പോൾ ഏറെ പ്രത്യേകതകളും സന്തോഷവും ഉണ്ടാവുക സ്വാഭാവികം. അത്തരം യാത്രാ അനുഭവങ്ങൾക്ക് ഒരു പൊൻതൂവലെന്നവണ്ണം ഞങ്ങൾ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനം പാലക്കാട് നെന്മാറയിൽനിന്നും 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഹിൽ സ്റ്റേഷനായ നെല്ലിയാമ്പതി ആണ്. അനുകൂല കാലാവസ്ഥ, നയനാനന്ദകരമായ കാഴ്ചകൾ സസ്യജാലങ്ങളാൽ സമ്പന്നമായ പച്ചപ്പ് എന്നിവയിൽ മുങ്ങിക്കുളിച്ച മനോഹരമായ നാട്. ഒരു ചരിത്ര-ഭൂമിശാസ്ത്ര അധ്യാപിക എന്നതിലുപരി കാര്യങ്ങൾ അറിയുവാനും അനുഭവിക്കുവാനുമുള്ള ജിജ്ഞാസയാണ് ഈ യാത്ര ഇവിടെ കൊണ്ടെത്തിച്ചത്. അതുകൊണ്ട് തന്നെ നെല്ലിയാമ്പതി എന്ന പേരും ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളും മനസ്സിലാക്കാനാണ് ആദ്യം മുതിർന്നത്. 'നെല്ലിയാമ്പതി'  എന്ന പേര് ലഭിച്ചത് ഈ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന നെല്ലിപ്പാരി (നെല്ലിമരം) യിൽനിന്നാണ്. നെല്ലി കോലത്തിനടുത്തുള്ള ഒരു കുഗ്രാമത്തിൽ താമസിച്ചിരുന്ന 'കടർ'  ഗോത്രക്കാർക്ക് ഈ സ്ഥാനപ്പേര് കടപ്പെട്ടിരിക്കുന്നു എന്നാണ് മറ്റൊരു പതിപ്പ്.


സെപ്റ്റംബർ മാസത്തിലെ ഒരു തെളിഞ്ഞ കാലാവസ്ഥയിൽ  കോഴിക്കോട് ടൗണിൽ നിന്നും ആരംഭിച്ച യാത്ര ഏറെ ആനന്ദകരമായിരുന്നു. നാഗരികതയുടെ  വർണ്ണപ്പകിട്ടാർന്ന ഇടനാഴികളിലൂടെ ഇടതൂർന്ന വനാന്തരങ്ങളിലേക്ക് പതിയെ കടന്നുചെല്ലുമ്പോൾ മനസിനും കണ്ണിനും അനുഭവപ്പെട്ടത്  ഒരു പ്രത്യേക കുളിർമയാണ്. മേഘങ്ങളാൽ ചുറ്റപ്പെട്ട മലനിരകളുടെ മനോഹരമായ കാഴ്ചകളാണ് നെല്ലിയാമ്പതി വാഗ്ദാനം ചെയ്തിരുന്നത്. വനാന്തരങ്ങളിലൂടെ നെല്ലിയാമ്പതി എയർ പിന്നുകൾ പിന്നിട്ട യാത്ര അരുവികളുടെ കൊഞ്ചലും കാട്ടുപക്ഷികളുടെ കളകള നാദവും തിങ്ങിനിറഞ്ഞ സസ്യഭണ്ഡാരങ്ങളുടെ ഇടയിലൂടെ കുത്തി ഒഴുകുന്ന കാട്ടരുവികളും അനുഭവ ചിത്രങ്ങൾ ആക്കി പകർത്തി നീണ്ട യാത്ര എത്തിച്ചേർന്നത് സമുദ്ര നിരപ്പിൽനിന്ന് 467 മീറ്റർ മുതൽ 1585 മീറ്റർ വരെ ഉയരുന്ന നിത്യഹരിത കുന്നായ സീതാർകുണ്ടിന്റെ ഉച്ചിയിലേക്കാണ്.  കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കാനനപ്പാതകളുടെ  മനോഹാരിത ഒറ്റ ദൃഷ്ടിയിൽതന്നെ ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയായിരുന്നു.


നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സിംഹവാലൻമാരും മറ്റു കുരങ്ങുകളും വഴിയോരങ്ങളിലെ മരങ്ങളിൽ ഞങ്ങൾക്ക് സ്വാഗതമോതി. ഇവിടെയുള്ള തോട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ കാലത്തെ നിർമിതികളാണ്.  തേയില, കാപ്പി, ഏലം, ഔഷധ സസ്യങ്ങൾ എന്നിവയെ കൂടാതെ ഓറഞ്ചിന്റെ നറുമണം പരത്തുന്ന കാറ്റാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നെല്ലിയാമ്പതിയെ പ്രചാരത്തിൽ എത്തിച്ചത് ഇവിടത്തെ ഓറഞ്ച് കൃഷിയാണ്. 240 ഓളം ഏക്കറുകളിൽ പുഷ്പിച്ചു കിടക്കുന്ന തോട്ടങ്ങളും പ്രകൃതി മനോഹാരിതയിൽ നിറംചാലിച്ച് നിൽക്കുന്ന നെല്ലിയാമ്പതി, സീതാർകുണ്ട്, പോത്തുണ്ടി, എന്നിവയുടെ പ്രകൃതി രമണീയതയിൽ പലപ്പോഴും വിശപ്പും ദാഹവും മറന്നു പോകുന്നത് സ്വാഭാവികം.
 മൂടൽ മഞ്ഞ് മൂടി പുതച്ചുറങ്ങുന്ന പർവ്വത നിരകളുടെ മനോഹാരിത കാണാൻ സാധിക്കുന്നത് 120 പടികൾ കയറി പോത്തുണ്ടി ഡാമിലെ ഏറ്റവും ഉച്ചിയിൽ എത്തുമ്പോഴാണ്. പുഴ എന്തൊക്കെയോ വിണ്ണിനോട് കൈമാറാൻ കൂട്ടുപിടിക്കുന്നത് പച്ചപുതച്ച പർവ്വതങ്ങളെ യാണെന്ന് അവിടെ ഇരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. വന്യജീവികളുമായി കൂട്ടുകൂടാൻ ഉള്ള അവസരമൊരുക്കുകയാണ് കൽചാടി ട്രക്കിംഗ്. പ്രകൃതിയുടെ മാറിൽ മയങ്ങിക്കിടക്കുന്ന നെല്ലിയാമ്പതി കുന്നുകളും സമാന്തര പ്രദേശങ്ങളും കാണാനും സന്ദർശിക്കാനും പല ദിക്കുകളിൽ നിന്നും ആളുകളെത്തിവരുന്നതേയുള്ളൂ എന്ന് അവിടെ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.


 അനന്തമായ കാഴ്ചകൾ കണ്ട് കൊതി തീരാതെ ഞങ്ങൾ നെല്ലിയാമ്പതി കുന്നിറങ്ങി യാത്രതിരിച്ചത് ഒറ്റപ്പാലം നഗരത്തിലേക്കാണ്. പ്രകൃതി മനുഷ്യനെ കനിഞ്ഞപ്പോൾ മനുഷ്യന്റെ അളവറ്റ കഴിവുകളുടെ ഉദാഹരണ പ്രതിബിംബങ്ങളിലേക്കാണ് ഞങ്ങൾ നീങ്ങിയത്. മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റിയ മനുഷ്യസൃഷ്ടി ഭവനമായ 'വരിക്കശ്ശേരി മന. പല മലയാള ചലച്ചിത്രങ്ങളുടെയും ലൊക്കേഷനായ ഈ മന വാസ്തുശിൽപത്തിന്റേയും പരമ്പരാഗത പ്രൗഢിയുടേയും വിജയ ചിഹ്നമായി കണക്കാക്കുന്നു. ഏകദേശം നാല് ഏക്കർ ഭൂമി വിസ്തൃതിയുള്ള മനയിൽ 1000 വർഷത്തെ ചരിത്രം ഉറങ്ങി കിടക്കുന്നുണ്ട്. വ്യാപ്തിയേറിയ പടിപ്പുര, മൂന്ന് നിലകളുള്ള സമുച്ചയം, 74 മുറികൾ, വലിയ കുളം, കുടുംബ ക്ഷേത്രം, അതിമനോഹര ചിത്രപ്പണികൾ തീർത്ത പോർട്ടിക്കോ, ബീമുകൾ, വാതിലുകൾ, ജനലുകൾ, മരംകൊണ്ടുള്ള സങ്കീർണമായ കൊത്തുപണികൾ, നടുമുറ്റം തുടങ്ങി പറഞ്ഞാൽ തീരാത്ത കാഴ്ചയുടെ വിരുന്നാണ് ഇവിടെ സന്ദർശകരെ അത്ഭുതപ്പെടുത്താൻ കാത്തിരിക്കുന്നത്. മുറ്റത്തെ മാവിൻ തറയിൽ വിശ്രമിക്കുമ്പോൾ മനസ്സിൽ മിന്നിമറയുന്ന കഥകളും കഥാപാത്രങ്ങളും ചരിത്രത്തിന്റെ താളുകളിൽ ലിഖിതപ്പെട്ടെന്ന തോന്നൽ പലപ്പോഴും മറന്നു പോയിരുന്നു. സത്യസന്ധമായ കാഴ്ചകൾ മുഴുമിപ്പിക്കാൻ മനസ്സിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും വൈകിട്ട് ഞങ്ങൾ മന വിട്ട് ഇറങ്ങി പതിയെ ഇരുട്ടിന്റെ മാറിലേക്ക് മറഞ്ഞു, ഇനിയൊരു പാലക്കാടൻ യാത്രക്ക് കോപ്പ് കൂട്ടാൻ മനസ്സിലുറച്ച്. 

(കോഴിക്കോട് മർക്കസ് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപികയാണ് ലേഖിക)
 

 

Latest News