Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ ഭൂചലനത്തില്‍ 50 ലേറെ പേര്‍ക്ക് പരിക്ക്; ഇന്ത്യയിലും പ്രകമ്പനം

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായവര്‍ ലഹോറിലെ കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നു.

ഇസ്ലാമാബാദ്- പാക്കധീന കശ്മീരിലുണ്ടായ ശക്തമായ ഭൂചനലത്തില്‍ 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭൂചലനത്തിന്റെ പ്രകമ്പനം  തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെ പാക്കിസ്ഥാന്റെ വടക്കന്‍ ഭാഗങ്ങളിലെ നിരവധി നഗരങ്ങളില്‍ അനുഭവപ്പെട്ടു.  
പഞ്ചാബ് പ്രവിശ്യയിലെ ഝലം സിറ്റിയിലെ പര്‍വതനിരകള്‍ക്ക് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് പാക്കിസ്ഥാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.  അതേസമയം പത്തി കി.മീ ആഴത്തിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത   7.1 ആണെന്ന് ശാസ്ത്ര മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയിലായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. കുട്ടികളും സ്ത്രീകളുമടക്കം 50 -ലേറെ പേരെ പാക്കധിന കശ്മീരിലെ മിര്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഒരു കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്നാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്ന്   പാക്കി
സ്ഥാന്‍ ദേശിയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രദേശത്ത് ഒരു പള്ളിയുടെ ഭാഗങ്ങളും തകര്‍ന്നു.
മിര്‍പൂരിലെ തകര്‍ന്ന റോഡുകളില്‍ നിരവധി വാഹനങ്ങള്‍ മറിഞ്ഞ ദൃശ്യങ്ങള്‍ ടി.വി ചാനലുകള്‍ കാണിച്ചു.
പെഷവാര്‍, റാവല്‍പിണ്ടി, ലഹോര്‍, സ്‌കാര്‍ഡു, കോഹട്ട്, ചര്‍സദ്ദ, കസൂര്‍, ഫൈസലാബാദ്, ഗുജറാത്ത്, സിയാല്‍കോട്ട്, അബോട്ടാബാദ്, മന്‍സേര, ചിത്രാല്‍, മലകണ്ട്, മുള്‍ത്താന്‍, ഷാങ്‌ല, ഒകാറ, നൗഷെറ, അട്ടോക്ക്, ജങ് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
പാക്കിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലും ജമ്മു കശ്മീരിലും ഭൂചലനമുണ്ടായതായി ഐഎംഡി അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ദല്‍ഹി എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി.

 

 

Latest News