Sorry, you need to enable JavaScript to visit this website.

വിസിറ്റ് വിസ  നീട്ടാൻ ലെവിയില്ല

റിയാദ് - ഫാമിലി വിസിറ്റ് വിസയിൽ കൊണ്ടുവന്ന ബന്ധുക്കളുടെ വിസ ദീർഘിപ്പിക്കുന്നതിന് ലെവി ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മാതാപിതാക്കളേയും മക്കളേയും സന്ദർശക വിസയിൽ കൊണ്ടുവന്ന ധാരാളം പേർ ഇതു സംബന്ധിച്ച ആങ്കയിലായിരുന്നു. വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് ആശ്രിത ലെവി ബാധകമാണോയെന്ന കാര്യത്തിൽ നിലനിന്ന സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഇതോടെ അറുതിയായി. സംശയനിവാരണത്തിന് നിരവധി പേർ ജവാസാത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ജവാസാത്ത് വിശദീകരണം നൽകിയത്. വിസിറ്റ് വിസ ഓൺലൈൻ വഴി നീട്ടാൻ ശ്രമിച്ചപ്പോൾ 100 റിയാൽ ഫീസിനു  പുറമെ കൂടുതൽ തുക ബാങ്ക് ആവശ്യപ്പെട്ടതാണ് ആശങ്കക്ക് കാരണമായത്. 
വിസിറ്റ് വിസക്കാർക്ക് ആശ്രിത ലെവി ബാധകമല്ലെന്നും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കു മാത്രമാണ് ലെവി ബാധകമെന്നും ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽസൈ്വഖാൻ വെളിപ്പെടുത്തി. പുതിയ ഇഖാമ അനുവദിക്കുമ്പോഴും ഇഖാമ പുതുക്കുമ്പോഴും റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് വിസകൾ അനുവദിക്കുമ്പോഴും മുൻകൂട്ടിയാണ് ലെവി അടക്കേണ്ടത്. വിസിറ്റ് വിസ പുതുക്കുന്നതിന് ശ്രമിക്കുന്നവരോട് അധിക തുക അടക്കുന്നതിന് സിസ്റ്റം ആവശ്യപ്പെടുന്ന പക്ഷം ബന്ധപ്പെട്ട ബാങ്കിനെ നേരിട്ട് സമീപിച്ച് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് ജവാസാത്ത് ഉപമേധാവി ആവശ്യപ്പെട്ടു.
 

Latest News