ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ 16കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത് ദൃശ്യം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി വലയിലിട്ട് മര്‍ദിച്ചു. കൊശാംബി ജില്ലയിലാണ് സംഭവം. മര്‍ദനമേറ്റ് പ്രതി മുഹമ്മദ് നാസിം (20) അറസ്റ്റിലായി. മുഹമ്മദ് ചോട്ക, ബധ്ക എന്നീ സഹോദരങ്ങളായ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. കാലികള്‍ക്കു വേണ്ടി തീറ്റ ശേഖരിക്കാന്‍ വയലിലെത്തിയതായിരുന്നു പെണ്‍കുട്ടി. മൂന്ന് പ്രതികള്‍ ചേര്‍ന്ന് മര്‍ദിക്കുകയും വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി മാറിമാറി പീഡിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പ്രതികള്‍ പിന്നില്‍ നിന്നാണ് ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വീണെന്നും പെണ്‍കുട്ടി മൊഴിനല്‍കി.
ഞായറാഴ്ച പരാതി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയോട് അപരമര്യാദയായി പെരുമാറിയതിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. ആരോപണങ്ങളുടെ ആധികാരികത ഇവര്‍ ചോദ്യം ചെയ്‌തെന്നാണ് ആക്ഷേപം. പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. മറ്റു രണ്ടു പേരെ പിടികൂടാനായി അഞ്ചു പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിരിക്കുകയാണ്.