ഉള്ളിക്ക് പൊള്ളും വില

മുംബൈ- ലഭ്യത കുറഞ്ഞതോടെ രാജ്യത്തുടനീളം ഉള്ളി വിലയില്‍ വന്‍ കുതിപ്പ്. നഗരങ്ങളില്‍ കിലോ 80 രൂപ വരെ എത്തി. പലയിടത്തും 30-40 രൂപയുടെ വര്‍ധനയുണ്ട്. വിതരണം കുറഞ്ഞതോടെ മൊത്തവില്‍പ്പന വിലയും നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മുംബൈ, ദല്‍ഹി ചില്ലറ വിപണികളില്‍ കിലോയ്ക്ക് 75 രൂപ മുതല്‍ 80 വരെയാണ് ചെവ്വാഴ്ച രാവിലെ വില്‍പ്പന നടന്നത്. ബെംഗളുരു, ചെന്നൈ, ഡെറാഡൂണ്‍ വിപണികളില്‍ കിലോയ്ക്ക് 60 രൂപ വരെ എത്തി. ഹൈദരാബാദില്‍ 46 രൂപ വരെയാണ് വില.

വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ പലനടപടികളും സ്വീകരിച്ചു വരുന്നുണ്ട്. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങി ഏജന്‍സികള്‍ മുഖേന കരുതല്‍ ഉള്ളി ശേഖരം വിപണിയിലിറക്കി വില കുറച്ചു വില്‍ക്കുന്നുണ്ട്. ദല്‍ഹിയില്‍ ഇത് കിലോയ്ക്ക് 22 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. സര്‍ക്കാരിനു കീഴിലുള്ള മദര്‍ ഡയറി ഔട്ട്‌ലെറ്റുകില്‍ 23.90 രൂപയ്ക്കാണ് ദല്‍ഹിയില്‍ ഉള്ളി വില്‍പ്പന. 

കനത്ത മണ്‍സൂണ്‍ മഴ ഉള്ളി വിളവെടുപ്പിനെ ബാധിച്ചതാണ് പൊടുന്നനെ വില ഉയരാനിടയാക്കിയത്. ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചതിനാല്‍ ഒരു മാസം വരെ ഉള്ളി വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് വപണി നിരീക്ഷര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി നഷ്ടം സഹിച്ച കര്‍ഷകര്‍ക്ക് ഈ വിലവര്‍ധന ഗുണകരമായെന്ന് ഉള്ളി ഉല്‍പ്പാദനത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായ നാസിക്കിലെ വ്യാപാരി ഹിരമാന്‍ പര്‍ദേശി ഇന്ത്യാ ടുഡെയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്ളി റോഡിലെറിയുകയായിരുന്നു. നഷ്ടം മൂലം രണ്ടു കര്‍ഷകര്‍ ജീവനൊടുക്കുകയും ചെയ്തു. മൂന്ന് വര്‍ഷം സഹിച്ച നഷ്ടത്തിനു പരിഹാരമാണ് ഇപ്പോഴത്തെ വിലയെന്ന് കര്‍ഷകര്‍ പറയന്നു.
 

Latest News