Sorry, you need to enable JavaScript to visit this website.

സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ സൗദിക്കൊപ്പം നിലയുറപ്പിക്കും-ബഹ്‌റൈന്‍

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും ജിദ്ദയിൽ ചർച്ച നടത്തുന്നു.

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സൽമാൻ രാജാവുമായി നടത്തിയ ചർച്ചക്കിടെ സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ബഹ്‌റൈൻ രാജാവ് അപലപിച്ചു.

മേഖലയുടെ സുരക്ഷാ ഭദ്രതക്കും ലോകത്തെ എണ്ണ വിതരണത്തിനുമെതിരായ ആക്രമണങ്ങളായിരുന്നു ഇത്. രാജ്യരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സൗദി അറേബ്യക്കൊപ്പം ബഹ്‌റൈൻ ഉറച്ചുനിൽക്കും. രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും സമാധാനവും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ബഹ്‌റൈൻ പിന്തുണക്കുന്നതായും ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് പറഞ്ഞു. 


സൗദി അറേബ്യയെയും ലോകത്തെ എണ്ണ ലഭ്യതയെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യാൻ സൗദിക്ക് സാധിക്കുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും, സുരക്ഷാ ഭദ്രത ശക്തമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ഇരുവരും വിശകലനം ചെയ്തു.


സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, സഹമന്ത്രി മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസാഅദ് അൽഈബാൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സൽമാൻ രാജാവിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് സെക്രട്ടറി തമീം അൽസാലിം, ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽഖലീഫ, ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽഖലീഫ, സൗദിയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല അൽഖലീഫ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

സൽമാൻ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും ബഹ്‌റൈൻ രാജാവും സംഘവും പങ്കെടുത്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും മേഖലാ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളും വിശകലനം ചെയ്യുന്നതിനാണ് സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബഹ്‌റൈൻ രാജാവ് പറഞ്ഞു.

സൗദി അറേബ്യയുടെ രാജ്യരക്ഷ തകർക്കുന്നതിനുള്ള ഏതു ശ്രമങ്ങളും ചെറുക്കാൻ ബഹ്‌റൈൻ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. രാജ്യത്തിന്റെയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കാത്തു സൂക്ഷിക്കുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ബഹ്‌റൈൻ നിരുപാധികം പിന്തുണക്കും.

വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനും മേഖലയുടെ സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിനുമുള്ള അടിസ്ഥാന ശില പോലെയാണ് സൗദി പ്രവർത്തിക്കുന്നത്. ഇറാൻ ആയുധങ്ങൾ ഉപയോഗിച്ച് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ സൗദി അറേബ്യക്കെതിരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ആഗോള വിപണിയിലെ എണ്ണ ലഭ്യതയെ ലക്ഷ്യമിട്ട് ലോകത്തിനെതിരായ ആക്രമണമാണെന്നും ബഹ്‌റൈൻ രാജാവ് പറഞ്ഞു. 

Latest News