മര്‍ദനമേറ്റ് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളി ബംഗാളില്‍ മരിച്ചു; പയ്യന്നൂരില്‍ അന്വേഷണം

പയ്യന്നൂര്‍- ഒരാഴ്ച മുന്‍പ് നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി സ്വദേശത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. ഒരു സംഘം മര്‍ദിച്ചശേഷം വണ്ടി കയറ്റി വിട്ടതാണ് എന്ന് സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രചാരണം നടക്കുന്നുണ്ട്. പാടിയോട്ട് ചാലില്‍ നിര്‍മാണ പണിക്ക് വന്ന ബംഗാള്‍ സ്വദേശി നജ്ബുള്‍ (24) എന്ന യുവാവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ 23 ന് വയക്കരയില്‍ ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റതായി പറയുന്നു. അന്ന് ചെറുപുഴ പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. യുവാവ് പരാതി നല്‍കാതിരുന്നതിനാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചില്ല. അന്ന് തന്നെ ഇയാളെയും കൂടെ ജോലി ചെയ്തിരുന്ന സഹോദരനെയും ഏതാനും പേര്‍ ചേര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറ്റി വിട്ടെന്ന് പറയുന്നു. നാട്ടിലെത്തിയ ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച രാവിലെ മരണപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ ആള്‍ക്കൂട്ട ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രചാരണം വ്യാപകമായതോടെ പോലീസ് ബംഗാളില്‍ ബന്ധപെട്ട് മരണം സ്ഥിരീകരിച്ചു.
എന്നാല്‍ എവിടെയും ഇത് സംബന്ധിച്ച് പരാതി നല്‍കിട്ടില്ലന്നും മൃതദേഹം സംസ്‌കരിച്ചെന്നും പോലീസ് പറയുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

Latest News