പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷ പങ്കുവെച്ച് സ്ഥാനര്‍ഥികള്‍

പാലാ- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ. ആദ്യമണിക്കൂറുകളില്‍ 22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തു മണിവരെയുള്ള കണക്കാണിത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് ജോസ് ടോം പറഞ്ഞു.
പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു. അതിനിടെ ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്തുള്ളത്. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ തുടരും. ആറ് മണിക്ക് ക്യൂവില്‍ എത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും.  
87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ്  ഉപതെരഞ്ഞെടുപ്പ്.

 

Latest News