Sorry, you need to enable JavaScript to visit this website.

പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ ആശുപത്രിയില്‍

റാഞ്ചി- പശു കശാപ്പ് ആരോപിച്ച് ജാര്‍ഖണ്ഡില്‍  ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തുകയും രണ്ട് പേരെ പരിക്കേല്‍പിക്കുകയും ചെയ്തു. ഖുന്തി ജില്ലയിലെ ജല്‍ടണ്ട് സുവാരി ഗ്രാമത്തിലാണ് സംഭവം. കലംതുസ് ബര്‍ല, ഫിലിപ്പ് ഹോറോ, ഫഗു കഛപ് എന്നവരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ പശുവിനെ കശാപ്പ് ചെയ്തുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും പറയുന്നു.
 
ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍  പ്രാദേശിക ആശുപത്രിയില്‍നിന്ന് ഇവരെ റാഞ്ചിയിലെ റിംസിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും 38 കാരനയാ ബര്‍ല മരിച്ചിരുന്നുവെന്ന് റിംസ് ആശുപത്രി സൂപ്രണ്ട് വിവേക് കശ്യപ് പറഞ്ഞു.

ചോദ്യം ചെയ്യലിനായി ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എഫ്ഐആര്‍ സമര്‍പ്പിക്കുമെന്നും എ.വി. സൗത്ത് ഛോട്ടാനാഗ്പൂര്‍ ഡി.ഐ.ജി എ.വി. ഹോംകര്‍ പറഞ്ഞു. മൂന്നുപേരും നിരോധിത മാംസം വില്‍പന നടത്തിയെന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടെന്ന് അദ്ദേഹം പറഞ്ഞു.  സംഘര്‍ഷം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ മോഷണം ആരോപിച്ച് ജാര്‍ഖണ്ഡില്‍ 24 കാരനായ തബ് രിസ് അന്‍സാരിയെന്ന 24 കാരനെ  മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ജയ് ശ്രീ റാം, ജയ് ഹനുമാന്‍ എന്നിവ ചൊല്ലാന്‍ കല്‍പിച്ചു കൊണ്ടാണ് ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയത്. ആദ്യം  കൊലക്കുറ്റം ഒഴിവാക്കിയിരുന്നുവെങ്കിലും അറസ്റ്റിലായ 13 പേര്‍ക്കിതെരെ പിന്നീട് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയിള്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ 44 സംഭവങ്ങളില്‍ 17 എണ്ണവും ജാര്‍ഖണ്ഡിലായിരുന്നു. പശു കശാപ്പും ബീഫ് വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചിരുന്നു.  ജാര്‍ഖണ്ഡില്‍നടന്ന ആള്‍ക്കൂട്ട കൊലകളില്‍ ഭൂരിഭാഗവും പശുഭീകരതയുമായി ബന്ധപ്പെട്ടാണ്.

 

 

Latest News