Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ റോഡ് ടോള്‍ വരുന്നു; പഠിക്കാന്‍ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍

റിയാദ് - സൗദി അറേബ്യൻ നിരത്തുകളിൽ ടോൾ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കൺസൾട്ടിംഗ് ഓഫീസുകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. ഉന്നതാധികാരികൾക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും സുഗമമായി പദ്ധതി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. 2020 ന്റെ തുടക്കത്തിൽ തന്നെ നിയമം പ്രാബല്യത്തിൽ വന്നേക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.  


സൂക്ഷ്മമായ ഓഡിറ്റിംഗും മൂല്യനിർണയവും ഗവേഷണവും വേണ്ടതിനാൽ പഠനം പൂർത്തിയാക്കുന്നതിന് സമയമെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. 


എണ്ണവിലയെ ആശ്രയിക്കാതെ ദേശീയ വരുമാനം വർധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 സാക്ഷാത്കൃതമാക്കുന്നതിനാണ് ടോൾ ഏർപ്പെടുത്തുന്നതെന്ന് ഗതാഗത മന്ത്രാലയം വിശദമാക്കി. 

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ റോഡുകളിൽ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഗതാഗതം സാധ്യമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി പുതിയ റോഡുകൾ നിർമിക്കുകയും റോഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. റോഡ് ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് പുറമെ, ലോകോത്തര സേവനം നൽകുന്നതിനും റോഡുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഈ ഓഫീസുകൾ മേൽനോട്ടം വഹിക്കും. ടോൾ ഈടാക്കുന്നതിന്റെ സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക വശങ്ങൾ കൺസൾട്ടിംഗ് ഓഫീസുകൾ പഠന വിധേയമാക്കുമെന്ന് ഗതാഗത മന്ത്രാലയം വിശദമാക്കി. 


റോഡുകൾ അപകട വിമുക്തമാക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും പഠിക്കും. പുതിയതും പഴയതുമായ റോഡുകളെ രണ്ടാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക. റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 


തുടക്കത്തിൽ ആറ് റോഡുകളിലാണ് ടോൾ ഏർപ്പെടുത്താൻ പദ്ധതിയിടുന്നത്. ഏതായാലും നിലവിലുള്ള റോഡുകളിൽ ടോൾ ഏർപ്പെടുത്താനിടയില്ല. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പുതുതായി നിർമിക്കുന്ന റോഡുകളിലും പഴയ റോഡുകൾക്ക് പകരം നിർമിക്കുന്ന റോഡുകളിലുമായിരിക്കും ടോൾ ഏർപ്പെടുത്തുകയെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കൺസൾട്ടിംഗ് ഓഫീസുകൾ നൽകുന്ന അന്തിമ റിപ്പോർട്ട് ഉന്നതാധികാരികൾ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

 

Latest News