ഭീകരതയെ ചെറുക്കാന്‍ 3400 കോടിയുടെ  പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂദല്‍ഹി-ഭീകരതയെ കൂരുക്കാന്‍ പുതിയ പൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു. ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങിയ ഇരുപതിലേറെ മേഖലകളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് നിരീക്ഷണം അതിശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രൂപീകരിച്ച നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) അടുത്ത വര്‍ഷം ആദ്യം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഏകദേശം 3400 കോടി രൂപ മുടക്കിയാണു പദ്ധതി നടപ്പാക്കുന്നത്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അശോക് പട്‌നായിക്കാണ് നാറ്റ്ഗ്രിഡിന്റെ സിഇഒ. വരുന്ന ജനുവരി മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തേക്കു വരികയും പോവുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡാറ്റ ശേഖരിക്കലാണ് നാറ്റ്ഗ്രിഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബാങ്കിങ്, മറ്റു സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള സകല കാര്യങ്ങളും നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിനു കീഴിലാക്കുകയും ചെയ്യും. അമിത്ഷാ ആഭ്യന്തര മന്ത്രി സ്ഥാനത്ത് എത്തിയതോടെയാണ് നാറ്റ്ഗ്രിഡിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കിയത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണു നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തേക്കു വരുന്നവരുടെയും പോകുന്നവരുടെയും മാത്രമല്ല ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പോലും ലഭ്യമാകാത്തതാണ് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കു തിരിച്ചടിയായത്.
ഭീകരാക്രമണത്തിനു പിന്നാലെ നാറ്റ്ഗ്രിഡിന്റെ ആദ്യഘട്ടത്തിനായി 2010 ഏപ്രില്‍ എട്ടിന് കേന്ദ്രമന്ത്രിസഭ 3400 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2012നു ശേഷം ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തിരിച്ചടിയായി. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നാറ്റ്ഗ്രിഡ് വീണ്ടും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവന ദാതാക്കളുമാണ് നാറ്റ്ഗ്രിഡിനോടു സഹകരിച്ചു പ്രവര്‍ത്തിക്കുക.

Latest News