Sorry, you need to enable JavaScript to visit this website.

മകളുടെ കല്യാണത്തിന് ബീഫ് വിളമ്പിയ  വ്യക്തിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി 

ഗാന്ധിനഗര്‍- മകളുടെ കല്യാണത്തിന് ബീഫ് ബിരിയാണി വിളമ്പിയ കേസില്‍ കുടുങ്ങിയ വ്യക്തിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ ആശ്വാസം. വിചാരണ കോടതി വിധിച്ച പത്ത് വര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. സലിം കാദര്‍ മക്രാണിയെ ആണ് ഹൈക്കോടതി വെറുതെവിട്ടത്. ഈ വര്‍ഷം ജനുവരിയിലാണ് കോലിയ എന്നയാള്‍ മക്രാണിക്കെതിരെ പരാതി നല്‍കിയത്. തന്റെ പശുവിനെ മോഷ്ടിച്ച് അറുത്ത് ബിരിയാണിയുണ്ടാക്കി മകളുടെ വിവാഹത്തിന് വിളമ്പിയെന്നായിരുന്നു പരാതി. രാജ്‌കോട്ടിലെ കോടതിയില്‍ ഏപ്രിലില്‍ വിചാരണ തുടങ്ങി. ജൂലൈയില്‍ വിധിയും പ്രഖ്യാപിച്ചു. പ്രതി 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്നുമായിരുന്നു വിചാരണ കോടതി വിധി. 2017ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ മക്രാണി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ കക്ഷി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മക്രാണിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മകളുടെ വിവാഹത്തിന് ബീഫ് ബിരിയാണി വിളമ്പിയെന്നതാണ് പ്രകടമായ കാര്യം. എന്നാല്‍ മക്രാണിയാണ് പശുവിനെ മോഷ്ടിച്ചതും അറുത്തതും എന്നതിന് തെളിവില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. പ്രതി സാഹചര്യങ്ങളുടെ ഇരയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. ഇക്കാര്യം കണക്കിലെടുത്താണ് ഹൈക്കോടതി മക്രാണിയുടെ ശിക്ഷ റദ്ദാക്കിയത്. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പശുവിനെ അറുത്തുവെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കാനും പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കാനും നിര്‍ദേശം നല്‍കി.


 

Latest News