പാക്ക് അധിനിവേശ കശ്മീര്‍ ഉണ്ടായതിനു ഉത്തരവാദി നെഹ്‌റുവെന്ന് അമിത് ഷാ

മുംബൈ- പാക്കിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഉണ്ടാകാന്‍ കാരണം മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്‌റു 1947ല്‍ സാഹചര്യം നോക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതു കാരണമാണ് കശ്മീര്‍ നഷ്ടമായത്. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു അന്ന് പ്രശ്‌നം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. മുംബൈയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിയതിനു പിന്നില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കാണുകയാണ്. എന്നാല്‍ ബിജെപിക്കിത് ദേശീയതയുടെ വിഷയമാണെന്നും ഷാ പറഞ്ഞു. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തെയാണ് ബിജെപി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയക്കു കീഴില്‍ ജമ്മു കശ്മീരിനു പ്രത്യേക പദവി ലഭിക്കുന്നതിലേക്കു നയിച്ചത് നെഹ്‌റുവിന്റെ നീക്കങ്ങളായിരുന്നു. ഇത് ഒടുവില്‍ കശ്മീര്‍ താഴ്‌വരയില്‍ ഭീകരതയുണ്ടാക്കുകയാണ് ചെയ്തത്. നാല്‍പതിനായിരം ജനങ്ങളാണ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളും സുഫികളും സിഖുകാരും 1990നും 2000നുമിടയില്‍ സംസ്ഥാനത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടുവെന്നും ഷാ പറഞ്ഞു.
 

Latest News