Sorry, you need to enable JavaScript to visit this website.

ഹറമിൽനിന്ന് പ്രവാചകചരിത്രത്തിലേക്ക് നേരിട്ടൊരു യാത്ര

ഇസ്‌ലാം അതിന്റെ ചരിത്രവും സംസ്‌കാരവും കേന്ദ്രീകരിക്കുന്ന ഒരിടം എന്ന മേലാപ്പ് കൂടിയുണ്ട് മക്ക എന്ന വിശുദ്ധ ഭൂമിക്ക്. ലോക മുസ്‌ലിംകളുടെ പ്രാർത്ഥനാ മനസുകളെല്ലാം മക്കയിലെ വിശുദ്ധ ഹറമിന് നേരെ അഞ്ചു നേരം നിർബന്ധമായും തിരിയുന്നു. പ്രവാചകന്റെ ജനനം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മക്കയിൽ ഹറമിനോട് ചേർന്ന് ഇസ്‌ലാമിക ചരിത്രത്തിന്റെ ആവിർഭാവവും വളർച്ചയും വിവരിക്കുന്ന അതിമനോഹരമായ പ്രദർശനം. ഹറമിൽനിന്ന് പുറത്തിറങ്ങി വിശാലമായ മാർബിൾ മുറ്റവും കടന്ന് റോഡ് മുറിച്ചുകടന്ന് അൽപം മുന്നോട്ട് നീങ്ങിയാൽ അസഹാബീ എക്‌സിബിഷൻ ഹാളിലെത്താം. ജബൽ ഉമറിലാണ് ചരിത്രം വിളിച്ചുപറഞ്ഞും എഴുതിയുമുള്ള എക്‌സിബിഷൻ.
ഹറമിലെ തിരക്കിൽനിന്ന് ഊളിയിടുന്ന ഓരോരുത്തരുടെയും നെഞ്ചിൽ പ്രാർത്ഥനയുടെ മിടിപ്പ് അവസാനിക്കാറില്ല. ആ പ്രാർത്ഥനയുടെ ഓരംചാരി എക്‌സിബിഷൻ ഹാളിലൂടെ നടക്കുമ്പോൾ എത്തിച്ചേരുക ഇസ്‌ലാമിന്റെ ആവിർഭാവ കാലത്തിലാകും. പത്ത് അടരുകളായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഓരോ ഭാഗത്തും ഇസ്‌ലാമിന്റെ അതിവിശാലമായ ചരിത്രം കോർത്തുവെച്ചിരിക്കുന്നു.
പ്രവാചകനും മുമ്പേ മക്കയിൽ കഅ്ബയും വിശുദ്ധഹറമുമുണ്ട്. മക്കയിലെ കൊടുംചൂടിൽ ഹിറാ മലയുടെ ഉച്ചിയിലെ ഗുഹയിൽനിന്ന് പ്രവാചകത്വ വചനങ്ങൾ ലഭിക്കുന്ന കാലത്തിന്റെ ഓർമ്മകളിലേക്കായിരിക്കും എക്‌സ്ബിഷൻ ഹാളിൽ ആദ്യമെത്തുക. മലയുടെ മുകളിലേക്ക് എത്തിപ്പെടാനെടുക്കുന്ന പ്രയാസത്തിന്റെ ചൂടറിയാം അക്കാലത്തെ ചിത്രങ്ങളുടെ പുനഃസൃഷ്ടി കാണുമ്പോൾ. ആരും കൂട്ടിനില്ലാതെയായിരുന്നു പ്രവാചകൻ ദൈവീക വചനം തേടി മല കയറിയത്. പ്രവാചകന് കൂട്ടായി മല കയറി ഭക്ഷണവുമായി ഖദീജ ബീവിയും. ഹിറാ ഗുഹയുടെ അക്കാലത്തെ ഏകദേശ രൂപവും പുതിയ കാലത്തെ കൃത്യമായ ചിത്രവും അതിനൂതന സാങ്കേതിക വിദ്യയോടെ എക്‌സിബിഷൻ ഹാളിൽ കൊത്തിവെച്ചിരിക്കുന്നു. ഏറ്റവും ദുർഘടമായ സാഹചര്യത്തിലൂടെ ഇസ്‌ലാം എങ്ങിനെയാണ് പ്രചരിപ്പിച്ചതെന്നും അതിന് പ്രവാചകനും സ്വഹാബികളും വഹിച്ച ത്യാഗവും തുടർന്ന് മുന്നിൽ വിരിഞ്ഞെത്തും.


പ്രവാചകനും അനുയായികൾക്കും മക്കയിൽ അനുഭവിക്കേണ്ടി വന്ന പീഡനം സഹിക്കാവുന്നതിന്റെയും പരിധി കടന്നപ്പോഴായിരുന്നു ഹിജ്‌റ അഥവാ പലായനം സംഭവിച്ചത്. മക്കയിൽനിന്ന് മദീനയിലേക്കുള്ള യാത്ര ഇസ്‌ലാമിന്റെയും ലോകത്തിന്റെയും ചരിത്രം തന്നെ മാറ്റിമറിക്കുകയായിരുന്നു. ആ യാത്ര അവസാനിച്ചിട്ട് 1441 വർഷമായിട്ടും അതിന്റെ കാൽപ്പാടുകൾ മായാതെ നിൽക്കുന്നുണ്ട് ഇപ്പോഴും. ആ വഴിയിലൂടെയുള്ള യാത്രയുടെ പാടുകൾ ചരിത്രത്തിന്റെ ഒരറ്റത്തുനിന്നുള്ള പാതയിലൂടെ കാണികളെയും നടത്തിക്കൊണ്ടുപോകും. 
എല്ലാ ഗോത്രങ്ങളിലെയും ഓരോ യുവാക്കൾ വീതം പ്രവാചകന്റെ വീട് വളയാൻ തീരുമാനിക്കുകയും പ്രവാചകൻ പുറത്തേക്ക് വരുമ്പോൾ എല്ലാവരും ഒന്നിച്ച് ഒറ്റവെട്ടിന് കൊലപ്പെടുത്തുകയും ചെയ്യണമെന്നായിരുന്നു തീരുമാനം. ശത്രുക്കളുടെ തീരുമാനം ദൈവദൂതൻ വഴി അറിഞ്ഞ പ്രവാചകൻ മദീനയിലേക്ക് തനിക്കൊപ്പം പുറപ്പെടാൻ സന്തത സഹചാരി അബൂബക്കറിന് നിർദ്ദേശം നൽകി. അന്ന് രാത്രി അലിയോട് തന്റെ വിരിപ്പിൽ കിടക്കാൻ പറഞ്ഞു. ശത്രുക്കൾ മുൻതീരുമാന പ്രകാരം വീട് വളഞ്ഞു. അർദ്ധരാത്രിയിലായപ്പോൾ പ്രവാചകൻ പുതിയ ചരിത്രത്തിലേക്ക് കാൽവെച്ചു. തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചവരുടെ കണ്ണിൽപ്പെടാതെ പ്രവാചകൻ സുരക്ഷിതനായി പുറത്തിറങ്ങി. തുടർന്ന് അബൂബക്കറുമൊത്ത് യാത്രയായിരുന്നു. ആ രണ്ടു പേർ മദീനയിലേക്കുള്ള യാത്ര തുടങ്ങി. ആ യാത്രയിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാനുള്ള വഴിയുണ്ട് മക്കയുടെ മുറ്റത്തെ എക്‌സിബിഷനിൽ. ശത്രുക്കളുടെ അന്വേഷണമുണ്ടായാൽ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ മൂന്ന് ദിവസം മക്കയുടെ കീഴ്ഭാഗത്തുള്ള സൗർ മലയിലെ ഒരു ഗുഹക്കകത്ത് പ്രവാചകനും അബൂബക്കറും ഒളിച്ചിരുന്നു. ആ മലയുടെ ദൃശ്യവും അവിടേക്കുള്ള പാതയുമുണ്ട് അസബാഹ എക്‌സിബിഷനിൽ.


നേരം പുലർന്നിട്ടും വീട്ടിൽനിന്നും മുഹമ്മദ് നബി പുറത്ത് വരാതിരിക്കുന്നത് കണ്ടപ്പോഴാണ് അമളി പറ്റിയെന്ന് എതിരാളികൾ മനസ്സിലാക്കുന്നത്. പ്രവാചകനെ തേടി നാനാഭാഗത്തേക്കും ഖുറൈശികളുടെ കുതിരകളോടി. മുഹമ്മദിനെ പിടിച്ചുകൊണ്ട് വരുന്നവർക്ക് നൂറ് ഒട്ടകം സമ്മാനം വിളംബരം ചെയ്തു. അന്വേഷകർ പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തി. ശത്രുക്കൾ ഗുഹക്ക് മീതെ നടന്നപ്പോൾ  താഴെ അബൂബക്കർ ഭയന്നുവിറച്ചു. പേടിക്കരുത്, അല്ലാഹു കൂടെയുണ്ടെന്ന് പറഞ്ഞു അബൂബക്കറിനെ പ്രവാചകൻ ചേർത്തുപിടിച്ചു. 
മൂന്നാം ദിവസം ഇരുവരും മദീനയിലേക്കുള്ള യാത്ര തുടങ്ങി. മരുഭൂമിയുടെ മഞ്ഞമണലിൽ മായാത്ത ചരിത്രം രചിച്ച ആ യാത്ര രണ്ട് ഒട്ടകപ്പുറത്തായിരുന്നു. പതിവ് വഴി തെരഞ്ഞെടുക്കാതെ ഊടുവഴികളിലൂടെ ആ ഒട്ടകങ്ങൾ യാത്ര തുടർന്നു. എക്‌സിബിഷൻ ഹാളിലെ ഈ യാത്രയും ചെന്നെത്തുന്നത് ഹിജ്‌റ യാത്ര പോലെ മദീനയിൽ തന്നെയാണ്. അവിടെ പ്രവാചകനെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നവരുടെ ആരവങ്ങൾ. 
അക്കാലത്തെ മദീനയുടെ ചിത്രങ്ങളാൽ സമ്പന്നമാണ് അടുത്ത മുറി. പനയോലകളാൽ മറച്ച മേൽക്കൂരയും ചുവരുമുള്ള മദീനയിലെ മസ്ജിദു നബവിയുടെ ചരിത്രത്തിന്റെ പച്ചപ്പ് പുതപ്പിക്കുന്നു. 
മദീനയുടെ ചരിത്രത്തിൽ ആഴത്തിലാണ്ടു കിടക്കുന്ന ഒന്നാണ് റുമ കിണർ. ആ കിണറിന്റെ ആഴങ്ങളിലേക്കുള്ള കാഴ്ച്ചയും ഹറമിന്റെ മുറ്റത്ത്‌നിന്ന് നാലടി വെച്ചാൽ മാത്രമെത്തുന്ന അസ്ഹാബീയിലുണ്ട്.

ഇസ്്‌ലാമിക ചരിത്രത്തിൽ എടുത്തുപറയപ്പെട്ട കിണറുകളിലൊന്നാണ് റൂമ കിണർ. പ്രവാചകൻ  മദീനയിലെത്തിയപ്പോൾ അവിടെയുള്ള വിശ്വാസികൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് റൂമ എന്ന പേരിലറിയപ്പടുന്ന കിണറായിരുന്നു. നല്ല ഉറവയുള്ള വറ്റാത്ത റൂമ കിണറിൽനിന്ന് വെള്ളമെടുക്കുന്നതിന് അതിന്റെ ഉടമയായ ജൂതൻ വില നിശ്ചയിച്ചിരുന്നു. കുടിവെള്ളത്തിന് കാശ് കൊടുക്കാനാവാതെ മുസ്‌ലിംകളിൽ പലരും ബുദ്ധിമുട്ടിയപ്പോൾ, ജൂതന്റെ അടുത്ത് നിന്ന് ആ കിണർ വാങ്ങുന്നവന് ഉന്നതമായ സ്വർഗമുണ്ടെന്ന് പ്രവാചകൻ പറഞ്ഞു.  ഇത് കേട്ട ഉസ്മാൻ നല്ല വിലകൊടുത്ത് കിണർ പൂർണമായും വിലക്കുവാങ്ങി നാട്ടിലെ മുഴുവൻ ജനങ്ങൾക്കായി സമർപ്പിച്ചു. ഈ കിണർ പിന്നീട് ബിഅ്‌റ് ഉസ്മാൻ എന്ന പേരിലറിയപ്പെട്ടു. ഇസ്‌ലാമിക ചരിത്രതാളുകളിൽ ഒരിക്കലും മൂടലേൽക്കാത്ത ഈ കിണറിന്റെ ചരിത്രം മക്കയുടെ പ്രദർശന ഹാളിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ ഇപ്പോഴും ഉറവവറ്റാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. 
ഇസ്‌ലാമിന്റെ ചരിത്രത്തിലെ പ്രധാന യുദ്ധങ്ങളുടെ ദൃശ്യവത്കരണമാണ് പ്രദർശനത്തിലെ മാസ്റ്റർ പീസുകളിലൊന്ന്. ഉഹ്ദ്, ഖൻദഖ് തുടങ്ങിയ യുദ്ധം വീണ്ടുംവീണ്ടും മുന്നിലെത്തുന്നു. വിശാലമായ ഹാളിലെ ബെഞ്ചിലിരുന്നാൽ യുദ്ധം മുന്നിൽ ഒരിക്കൽ കൂടി പടവെട്ടും. ഇസ്‌ലാം കടന്നുവന്ന വഴികളിലെ യുദ്ധത്തിന്റെ പ്രാധാന്യവും സ്വഹാബികൾ നേരിട്ട പീഡനങ്ങളും വിജയാരവങ്ങളും പുനഃസൃഷ്ടിക്കപ്പെടുന്നു. സ്വന്തം കാര്യങ്ങൾ അവഗണിച്ച് മതത്തിന്റെ വ്യാപനത്തിന് പ്രവാചകനും അനുയായികളും നേരിടേണ്ടി വന്ന കഠിനപാതകളുടെ വഴിയിലൂടെ സഞ്ചരിച്ച് എത്തിപ്പെടുന്നത് മറ്റൊരു ലോകത്തേക്കാണ്. അവിടെ ഒരു നിശ്ചിത സ്ഥലത്ത് ചെന്നുനിന്നാൽ ഖുർആൻ വചനങ്ങൾ തലയ്ക്ക് മുകളിലൂടെ ഒഴുകിവരുന്നത് കേൾക്കാം. ഖുർആൻ കൊത്തിവെച്ച ഗോളത്തിലേക്ക് നോക്കിയാൽ അതിലെ വാചകങ്ങൾ മാറുന്നതിനനുസരിച്ച് ഖുർആൻ വചനങ്ങൾ തഴുകിത്തലോടിയെത്തും. 
ഉസ്മാനുബ്‌നു അഫ്ഫാൻ എന്ന മൂന്നാം ഖലീഫയുടെ കാലത്ത് ക്രോഡീകരിച്ച ഖുർആൻ പ്രതി അവസാനഭാഗത്ത് ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പ്രവാചകന്റെ അനുയായികളുടെ കൈപ്പാട് തൊട്ടനുഗ്രഹീതമായ ഖുർആൻ വർത്തമാനകാലത്തെ ജനതക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിൽക്കുന്നു. 
മദീനയിൽ പ്രവാചകൻ വാസമുറപ്പിച്ച ശേഷം മദീന എങ്ങിനെ മാറിയെന്നതിന്റെ നേർച്ചിത്രവുമുണ്ട്. പ്രവാചകന്റെ ജീവിതവും ഭരണവും മറ്റ് രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനവും ഇതിലുണ്ട്. പ്രവാചകന്റെ മരണശേഷം അധികാരത്തിലെത്തിയ നാലു ഖലീഫമാരുടെയും തുടർന്നുള്ള ഭരണാധികാരികളെ പറ്റിയുള്ള അറിവും ലഭിക്കുന്നു. ഖുർആന്റെയും ഹദീസുകളുടെയും ക്രോഡീകരണവും അതിന് പ്രവാചകാനുയായികൾ ചെയ്ത ത്യാഗവുമെല്ലാം ഇതിൽ വള്ളിപ്പുള്ളി വിടാതെ വിവരിക്കുന്നുണ്ട്. 
പ്രവാചകന് പ്രവാചകത്വം ലഭിച്ചത്, ആരാണ് പ്രവാചകന്റെ സന്തത സഹചാരികൾ, ആദ്യമായി വിശ്വാസം സ്വീകരിച്ചവർ, ഹിജ്‌റ, നബിയെ മദീനയിൽ സ്വീകരിച്ചവർ, ഉഹ്ദ് യുദ്ധം, നബി മദീനയിലെത്തിയ ശേഷമുള്ള ജീവിതം, നബിയുടെ മരണം, ഖലീഫമാരുടെ ഭരണം, വിവിധ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനം, ഇസ്‌ലാമിക കർമ്മശാസ്ത്ര ക്രോഡീകരണം എന്നിങ്ങനെയാണ് എക്‌സിബിഷൻ ഓരോ മുറികളിലും ഒരുക്കിവെച്ചിരിക്കുന്നത്. 
ഇക്കഴിഞ്ഞ ജൂലൈ 16ന് ഉദ്ഘാടനം ചെയ്ത എക്‌സിബിഷനിൽ ദിനംപ്രതി ശരാശരി ആയിരത്തിയഞ്ഞൂറോളം പേർ സന്ദർശകരായി എത്തുന്നു. റായിദ് അൽ അസീരിയാണ് പ്രദർശനത്തിന്റെ മേധാവി. മദീന മുനവ്വറ റിസർച്ച് ആന്റ് സ്റ്റഡീസ് സെന്ററാണ് പ്രദർശത്തിന്റെ ഗവേഷഷ കാര്യങ്ങൾ നിർവഹിച്ചത്. കാര്യങ്ങൾ വിശദീകരിച്ച് പി.ആർ.ഒ അബ്ദുറഹ്മാൻ അൽ സയീദിയും. മലയാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി മക്കയിലെ വിദ്യാർത്ഥി ഫുആദ് ഫൈസലുമുണ്ട്. ഗ്രൂപ്പായി സന്ദർശനത്തിന് എത്തുന്നവർ അസറിനും ഇശാക്കും ശേഷം എത്തുന്നതായിരിക്കും സൗകര്യമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഏകദേശം ഒരു മണിക്കൂറിലേറെ സമയം വേണം പ്രദർശനം കണ്ടുതീരാൻ. മക്കയിൽ സന്ദർശനം നടത്തുന്നവർ ഒരിക്കലെങ്കിലും ഈ എക്‌സിബിഷൻ ഹാളിൽ കയറിയിറങ്ങണം. വിശുദ്ധഭൂമിയുടെ തിരുമുറ്റത്ത്‌നിന്ന് പ്രവാചകന്റെ ജീവിതത്തിലേക്കും ഇസ്‌ലാമിക ചരിത്രത്തിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഒരു തിരുകവാടം കൂടിയാണിത്. 
(മലയാളി ഗ്രൂപ്പുകൾക്ക് ആവശ്യമായ ബുക്കിംഗുകൾക്കും മറ്റും ബന്ധപ്പെടേണ്ട നമ്പർ 0541287563, 0536960560)


 

Latest News