Sorry, you need to enable JavaScript to visit this website.

സൗദി ദേശീയദിനം: പൊതുമാപ്പും ഇളവും പ്രതീക്ഷിച്ച് പ്രവാസികൾ

റിയാദ്- സൗദി ദേശീയ ദിനം പ്രമാണിച്ച് കൂടുതൽ ആനൂകൂല്യങ്ങളും ഇളവും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികൾ. നാളെ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതുമാപ്പ് പ്രഖ്യാപിക്കുമെന്നും ഇതിന്റെ ആനുകൂല്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലഭിക്കുമെന്നുമാണ് പ്രതീക്ഷ. ഇഖാമ പുതുക്കാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന യമനികൾക്ക് പിഴയടക്കാതെ രാജ്യം വിടാനുള്ള സാവകാശം അധികൃതർ അനുവദിച്ചതായി യമൻ എംബസി ഇന്ന് അറിയിച്ചിരുന്നു. ഇഖാമ പുതുക്കാതെ സൗദിയിൽ കഴിയുന്ന തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സന്ദർശക വിസയിലെത്തി നിശ്ചിത തിയ്യതിക്കകം തിരിച്ചുപോകാത്തവർക്കും ഹുറൂബായവർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്നാണ് യെമൻ എംബസി അറിയിച്ചത്. അതത് പ്രവിശ്യകളിലെ തർഹീലുകളിൽ പോയി വിരലടയാളമെടുത്താണ് ഫൈനൽ എക്‌സിറ്റിന്റെ നടപടികൾ പൂർത്തിയാക്കേണ്ടത്. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഹജ്, ഉംറ വിസയിൽ വീണ്ടും രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് പ്രയാസമുണ്ടാകില്ലെന്നുമായിരുന്നു അറിയിപ്പ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടൂറിസ്റ്റ്, സന്ദർശക വിസകളിലെ പുതിയ തീരുമാനങ്ങളുടെ കൂടി പശ്ചാതലത്തിൽ പ്രതീക്ഷക്ക് വകയുണ്ടെന്നാണ് അഭിപ്രായം. വ്യവസായശാലകളിലെ തൊഴിലാളികൾക്ക് കൂടി ലെവി ഇളവ് അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എൺപത്തിയൊമ്പതാമത് ദേശീയദിനാഘോഷമാണ് സൗദി നാളെ ആഘോഷിക്കുന്നത്. 1932 സെപ്റ്റംബർ 23-നായിരുന്നു സൗദി അറേബ്യ എന്ന പേരിനു കീഴിൽ രാജ്യത്തെ ഒന്നാകെ ഒരുമിപ്പിക്കുന്ന ഉത്തരവ് അബ്ദുൽഅസീസ് രാജാവ് പുറപ്പെടുവിച്ചത്.
 

Latest News