ഖത്തർ തിരുത്തും വരെ പിന്നോട്ടില്ല -സൗദി

ജിദ്ദ - സൗദി അറേബ്യയും സഖ്യരാജ്യങ്ങളും മുന്നോട്ടുവെച്ച നീതിയുക്തമായ ആവശ്യങ്ങൾ നടപ്പാക്കുന്നതു വരെ ഖത്തറിനെതിരായ നടപടികൾ തുടരുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഭീകരതയെ പാടെ ഉന്മൂലനം ചെയ്യുന്നതുവരെ ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി അറേബ്യ ശക്തമായി നിലകൊള്ളും. 
അൽഅഖ്‌സ മസ്ജിദ് വിശ്വാസികൾക്കു മുന്നിൽ അടച്ച ഇസ്രായിൽ നടപടിയെ അപലപിച്ച മന്ത്രിസഭ ഇതിലുള്ള കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇസ്രായിലിന്റെ നടപടി. ഫലസ്തീനിലെ സ്ഥിതിഗതികൾ ഇത് കൂടുതൽ സങ്കീർണമാക്കും. 
ജറൂസലമിലെ ഇസ്രായിൽ അധിനിവേശ ചരിത്രത്തിൽ ആദ്യമായാണ് അൽഅഖ്‌സ മസ്ജിദ് വിശ്വാസികൾക്കു മുന്നിൽ അടച്ചുപൂട്ടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് യു.എൻ രക്ഷാ സമിതി ഉത്തരവാദിത്തം വഹിക്കണമെന്ന് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഈജിപ്തിലും പാക്കിസ്ഥാനിലുമുണ്ടായ ഭീകരാക്രമണങ്ങളെ മന്ത്രിസഭാ യോഗം അപലപിച്ചു. 
 

Latest News