മോഡിക്ക് അവാര്‍ഡ് നല്‍കരുത്; ഗേറ്റ്‌സ് ഫൗണ്ടേഷന് നൊബേല്‍ ജേതാക്കളുടെ കത്ത്

ന്യൂയോര്‍ക്ക്- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സമാധാ നൊബേല്‍ സമ്മാന ജേതാക്കള്‍ ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷന് കത്തയച്ചു. കശ്മീരിലെ സാഹചര്യങ്ങളും ഇന്ത്യയില്‍ മോഡി അധികാരത്തിലെത്തിയതിനു ശേഷം തുടര്‍ക്കഥയായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ച അസഹിഷ്ണുതയും ചൂണ്ടിക്കാട്ടിയാണ് നൊബേല്‍ സമാധാന പുരസ്‌ക്കാര ജേതാക്കളായ മയ്‌റീഡ് മഗ്വയര്‍, തവക്കുല്‍ കര്‍മാന്‍, ശിറിന്‍ ഇബാദി എന്നിവര്‍ മൈക്രോസോഫ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും നേതൃത്വം നല്‍കുന്ന ഗേറ്റ്‌സ് ഫൗണ്ടേഷന് കത്തയച്ചത്. ലോകത്തുടനീളം നിരവധി ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാര്യക്ഷമമായി സഹായിക്കുന്ന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും സഹിഷ്ണുതയും തുല്യതയും ഉള്ള ഒരു രാഷ്ട്രം വിഭാവനം ചെയ്ത മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങളേയും തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ കശ്മീരിലെ സാഹചര്യങ്ങളില്‍ വലിയ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അവാര്‍ഡ് നല്‍കാനുള്ള ഗേറ്റ്‌സ് ഫൗണ്ടേഷന്റെ നീക്കം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കത്തില്‍ സമാധാന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യവും ധ്വംസിക്കുന്ന വളരെ അപകടകരവും മാരകവുമായ സാഹചര്യത്തിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ, പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചിരിക്കുകയാണ്. സംഘടിത ആള്‍ക്കൂട്ടങ്ങളെ തുറന്നുവിട്ട് സംഘര്‍ഷമുണ്ടാക്കുന്നത് നിയമവാഴ്ചയെ താറുമാറാക്കിയിരിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അസമില്‍ 19 ലക്ഷം പേരുടെ പൗരത്വം ഇല്ലാതാക്കിയതും കത്തില്‍ പരാമര്‍ശിക്കുന്നു. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായതിന്റെ പേരില്‍ മോഡിക്ക് അമേരിക്കയും ബ്രിട്ടനും കാനഡയും 10 വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും പ്രധാനമന്ത്രിയായി നയതന്ത്ര പരിരക്ഷ ലഭിക്കുന്നതു വരെ വിലക്കുണ്ടായിരുന്നുവെന്നും കത്തില്‍ നൊബേല്‍ ജേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

മോഡിക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയാല്‍ അത് തുല്യത, നീതി, മനുഷ്യാവകാശങ്ങള്‍ എന്നിവ ഗൗരവമായാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കണക്കിലെടുക്കുന്നതെന്ന ശക്തമായ സന്ദേശമായിരിക്കും നല്‍കുക എന്നും അവര്‍ ചൂണ്ടിക്കാട്ടി.
 

Latest News