Sorry, you need to enable JavaScript to visit this website.

മാണിയുടെ പിൻഗാമിയാര്?  പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്‌

കോട്ടയം- അഞ്ചു പതിറ്റാണ്ടിനു ശേഷം കെ.എം.മാണിയുടെ പിൻഗാമിയെ തീരുമാനിക്കാൻ പാലായിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. മൂന്ന് മുന്നണികളിലെയും സ്ഥാനാർഥികളും പ്രവർത്തകരും ജയമുറപ്പിച്ചാണ് നിശബ്ദ പ്രചാരണത്തിൽ മുന്നോട്ട് നീങ്ങുന്നത്. പാലായിൽ മുതിർന്ന നേതാക്കളെല്ലാം തന്നെ സജീവമാണ്. സ്ഥാനാർഥികൾക്കെതിരെ അവസാന നിമിഷങ്ങളിൽ എത്തുന്ന ആരോപണങ്ങളാണ് അടിയൊഴുക്കുകൾക്ക് കാരണം. ആരോപണങ്ങളെ സമർഥമായി നേരിടുകയാണ് അണിയറയിൽ മുതിർന്ന നേതാക്കൾ. 
13 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 176 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം ഉൾപ്പെടെ 13 പേർ മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രൊസസിംഗ് സഹകരണ സംഘത്തിൽ നിന്ന് 5 കോടി 82 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഇവരിൽ നിന്നും 8.25 ശതമാനം പലിശ നിരക്കിൽ ഈ തുക തിരിച്ചു പിടിക്കണമെന്നുള്ള ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുണ്ടെന്നും ആക്ഷേപമുണ്ട്. ഒപ്പം പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കാഞ്ഞതും പി.ജെ ജോസഫുമായുള്ള അകൽച്ചയും പ്രചാരണത്തിൽ നിന്നുള്ള ജോസഫ് വിഭാഗത്തിന്റെ വിട്ടുനിൽക്കലും ജോസ് ടോമിനെ നിരാശപ്പെടുത്തുന്നു.  
ഇടത് സ്ഥാനാർഥി മാണി സി.കാപ്പനെതിരെ ചെക്കു കേസും ക്രിമിനൽ കേസും ഉൾപ്പെടെ നാല് ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഒരേ സമയം രണ്ടു സ്ഥലത്തെ ബാങ്കുകളിൽ ഈടു നൽകി വായ്പയെടുത്തിട്ടുണ്ടെന്നാണ് അടുത്ത ആരോപണം. അലഹബാദിലും കോട്ടയം കുമരകത്തും ഉള്ള സ്ഥലങ്ങൾ അലഹബാദ് ബാങ്കിലും കോട്ടയം കാർഷിക വികസന ബാങ്കിലും പണയം വെച്ച് പണം വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാണി സി.കാപ്പനെതിരെ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. 
എൻ.ഡി.എ സ്ഥാനാർഥി എൻ.ഹരിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടില്ലെങ്കിലും ബി.ജെ.പി വോട്ടുകൾ മറിയുമെന്നും മറിക്കുമെന്നുമുള്ള ആശങ്കയാണ് പൊതുവെ ഉയർന്നിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥി തന്നെ കെ.എം മാണിക്കെതിരെ മത്സരിച്ചു കാൽലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു. ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിലധികം നേടാനാവുമെന്നും ആ വോട്ടുകൾ ചോർത്തപ്പെടാമെന്നുമാണ് പൊതുവെ കേൾക്കുന്ന പ്രധാന ആക്ഷേപം. ഇത് ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.
തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളും ഊഹാപോഹങ്ങളും പ്രശ്‌നമാക്കാതെയാണ് സ്ഥാനാർഥികൾ മുന്നോട്ട് പോകുന്നത്. പ്രവചനാതീതമെന്ന അവസ്ഥയിൽ നാളെ നടക്കുന്ന വിധിയെഴുത്തിൽ 27 ന് നടക്കുന്ന ഫലപ്രഖ്യാപനത്തിലറിയാം ഇനി പാലായുടെ പിൻഗാമിയെ. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മണ്ഡലത്തിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി ജില്ലാ കലക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു. 

 

Latest News