Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ലെവി ഇളവ് വ്യവസായ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍; കൂടുതല്‍ വിശദാംശങ്ങള്‍

റിയാദ്- വിദേശ തൊഴിലാളികളുടെ ലെവി ഇനത്തിലുള്ള ഇളവ് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും അനുവദിക്കാന്‍ സൗദി ഉന്നതാധികൃതരുടെ തീരുമാനം. അഞ്ചു വര്‍ഷത്തേക്കാണ് ഫാക്ടറികള്‍ക്ക് ലെവി ഇളവ് ലഭിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ഏകോപിപ്പിച്ച് ഇതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും നിര്‍ണയിക്കുന്നതിന് വ്യവസായ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. വ്യവസായ മേഖലയുടെ മത്സരക്ഷമത ഉയര്‍ത്തുന്നതിനുള്ള സുസ്ഥിര പോംവഴികള്‍ വ്യവസായ മന്ത്രാലയം തയാറാക്കണമെന്നും നിര്‍ദേശമുണ്ട്.
വ്യവസായ മേഖലയില്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. വിഷന്‍-2030 പദ്ധതി ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും കയറ്റുമതി ഉയര്‍ത്താനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായ ശാലകളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
വ്യവസായ ശാലകള്‍ക്കുള്ള ലെവി ഇളവ് ഇനത്തില്‍ ചെലവ് വരുന്ന തുക സ്വകാര്യ മേഖലാ ഉത്തേജന പദ്ധതിക്ക് നീക്കിവെച്ച ബജറ്റില്‍ നിന്ന് കുറക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ഇന്ധന, വൈദ്യുതി, ഹൈഡ്രോ കാര്‍ബണ്‍ പദാര്‍ഥങ്ങള്‍ എന്നിവയുടെ നിരക്കുകള്‍ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ഊര്‍ജ, ജല മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്. വലിയ തോതില്‍ ഊര്‍ജം ഉപയോഗിക്കുന്ന ഫാക്ടറികള്‍ക്ക് 2030 വരെയുള്ള കാലത്ത് ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായകമായ നിലക്കുള്ള സ്ഥിര നിരക്കുകള്‍ കമ്മിറ്റി നിര്‍ണയിക്കും. ഫാക്ടറികള്‍ക്കുള്ള ഊര്‍ജ നിരക്കുകള്‍ ഉയരുന്നതിന് ഇടയാക്കുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഊര്‍ജ മന്ത്രാലയവുമായി കൂടിയാലോചിക്കണം. ഫാക്ടറികള്‍ക്ക് പിഴ ചുമത്തുമ്പോഴും സ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അടപ്പിക്കുമ്പോഴും ഇതേപോലെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഊര്‍ജ മന്ത്രാലയവുമായി ഏകോപനം നടത്തണമെന്ന് നിര്‍ദേശമുണ്ട്.
ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന രീതിയില്‍ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ നാലു തൊഴിലാളികളെയാണ് ലെവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതിന് സ്ഥാപന ഉടമ ഫുള്‍ടൈം അടിസ്ഥാനത്തില്‍ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനുള്ള തീരുമാനം ഹിജ്‌റ 1435 ശഅ്ബാന്‍ 25 (2014 ജൂണ്‍ 23) നാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതിനകം അഞ്ചു വര്‍ഷക്കാലം പദ്ധതി പ്രയോജനപ്പെടുത്തിയ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്. ലെവി ഇളവ് ആനുകൂല്യം പ്രയോജനപ്പെടുത്തല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതു വരെ ലഭിക്കും.
2014 മുതലാണ് സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ബാധകമാക്കിയത്. പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തിന് 2,400 റിയാലാണ് ലെവി ഇനത്തില്‍ അടക്കേണ്ടിയിരുന്നത്. അതിനു മുമ്പ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ആയി പ്രതിവര്‍ഷം 100 റിയാല്‍ മാത്രം അടച്ചാല്‍ മതിയായിരുന്നു. 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവില്‍ വന്നത്. 2017 അവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി ഇനത്തില്‍ അടക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കി. സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 4,800 റിയാലും സൗദികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3,600 റിയാലുമാണ് 2018 ല്‍ ലെവിയായി അടക്കേണ്ടിയിരുന്നത്. ഈ വര്‍ഷം സൗദികളേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസ ലെവി 500 റിയാലും ആണ്. അടുത്ത വര്‍ഷം സൗദികളേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.

 

Latest News