Sorry, you need to enable JavaScript to visit this website.

കിംഗ് സൽമാൻ മറൈൻ കോംപ്ലക്‌സ് നിർമാണം 2022 ൽ പൂർത്തിയാകും 

കിഴക്കൻ പ്രവിശ്യയിൽ അറേബ്യൻ ഉൾക്കടൽ തീരത്ത് നിർമാണം പുരോഗമിക്കുന്ന കിംഗ് സൽമാൻ മറൈൻ സർവീസസ് ആന്റ് ഇൻഡസ്ട്രിയൽ കോംപ്ലക്‌സ്. 

റിയാദ് - കിംഗ് സൽമാൻ മറൈൻ സർവീസസ് ആന്റ് ഇൻഡസ്ട്രിയൽ കോംപ്ലക്‌സിന്റെ നിർമാണം 2022 ഒക്‌ടോബറിൽ പൂർത്തിയാകുമെന്ന് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള സൗദി അറാംകൊ കമ്പനി അറിയിച്ചു. കോംപ്ലക്‌സ് നിർമാണം മുൻകൂട്ടി പദ്ധതിയിട്ടതു പ്രകാരം പുരോഗമിക്കുകയാണ്. ഇന്റർനാഷണൽ മറൈൻ ഇൻഡസ്ട്രീസ് കമ്പനി, എണ്ണ വ്യവസായ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കുന്ന മറൈൻ പ്ലാറ്റ്‌ഫോം നിർമാണ കേന്ദ്രം, കപ്പൽ എൻജിൻ നിർമാണ കേന്ദ്രം എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ അടങ്ങിയതാണ് കിംഗ് സൽമാൻ മറൈൻ ഇൻഡസ്ട്രീസ് കോംപ്ലക്‌സ്. ലോക വിപണികളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതിനും സ്വദേശികൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്ന ഇന്റർനാഷണൽ മറൈൻ ഇൻഡസ്ട്രീസ് കമ്പനിയിലൂടെ ആഗോള തലത്തിൽ മത്സരിക്കാവുന്ന സമുദ്ര വ്യവസായ മേഖല സൗദിയിൽ സ്ഥാപിക്കുന്നതിനാണ് ശ്രമം. എക്‌സ്‌കവേറ്റർ നിർമാണം, കപ്പൽ നിർമാണം, കപ്പൽ റിപ്പയറിംഗ്, കപ്പൽ നവീകരണം എന്നീ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുക. 
എണ്ണ, ഗ്യാസ് റിഗ്ഗുകളുടെ നിർമാണം, സമുദ്ര ഉപകരണ വിപണികൾക്കാവശ്യമായ സേവനങ്ങൾ എന്നിവ സ്വദേശിവൽക്കരിക്കുന്നതിനാണ് മറൈൻ പ്ലാറ്റ്‌ഫോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മറൈൻ പ്ലാറ്റ്‌ഫോം നിർമാണ, സേവന കേന്ദ്രമായി കിംഗ് സൽമാൻ കോംപ്ലക്‌സിലെ സ്ഥാപനം മാറും. 2022 ഓഗസ്റ്റിൽ സ്ഥാപനം പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങും. കപ്പൽ എൻജിൻ നിർമാണശാലയിലൂടെ കപ്പൽ നിർമാണ ശേഷി വർധിപ്പിക്കുന്നതിനും സൗദി അറാംകൊക്കു വേണ്ടി എണ്ണ ടാങ്കറുകൾ പ്രവർത്തിപ്പിക്കുന്ന സൗദി നാഷണൽ ഷിപ്പിംഗ് കമ്പനിക്ക് (ബഹ്‌രി) ആവശ്യമായ എൻജിനുകൾ കുറഞ്ഞ നിരക്കിൽ വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മറൈൻ പ്ലാറ്റ്‌ഫോം പദ്ധതി 2022 ഓഗസ്റ്റിൽ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും. 
കിംഗ് സൽമാൻ കോംപ്ലക്‌സിൽ പ്രാദേശിക, വിദേശ നിക്ഷേപകരും കമ്പനികളും നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. കടലിൽ എണ്ണ, ഗ്യാസ് ഖനനത്തിന് ആവശ്യമായ എസ്‌കവേറ്ററുകളുടെ നിർമാണം, മറൈൻ പ്ലാറ്റ്‌ഫോം നിർമാണം, കപ്പൽ നിർമാണം, കൂറ്റൻ എണ്ണ ടാങ്കറുകളുടെ നിർമാണം, വാണിജ്യ കപ്പൽ നിർമാണം, മറ്റു മറൈൻ ഉപകരണങ്ങളുടെ നിർമാണം എന്നിവക്ക് പ്രാദേശിക, ആഗോള പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി സാമ്പത്തിക വൈവിധ്യവൽക്കരണം ശക്തമാക്കുന്നതിന് കിംഗ് സൽമാൻ കോംപ്ലക്‌സിലൂടെ ലക്ഷ്യമിടുന്നു. സൗദി അറാംകൊ, ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസ് കമ്പനി, സൗദി നാഷണൽ ഷിപ്പിംഗ് കമ്പനി, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാംപ്രെൽ പി.എൽ.സി എന്നീ കമ്പനികൾ ചേർന്നാണ് കിംഗ് സൽമാൻ മറൈൻ സർവീസസ് ആന്റ് ഇൻഡസ്ട്രിയൽ കോംപ്ലക്‌സ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മറൈൻ കോംപ്ലക്‌സുകളിൽ ഒന്നായി ഇത് മാറും. 

Latest News