Wednesday , February   19, 2020
Wednesday , February   19, 2020

ഫാറൂഖ് അബ്ദുല്ല മതേതരത്വത്തിന്റെ മുഖം

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്ദുല്ല  1988 ൽ കോഴിക്കോട് ഫാറൂഖ് കോളേജ് സന്ദർശിച്ചപ്പോൾ കോളേജ്‌യൂണിയൻ ചെയർമാനായിരുന്ന ഇ.പി. ഉബൈദുല്ല സ്വാഗതം ആശംസിക്കുന്നു. ഇബ്രാഹിം സുലൈമാൻ സേട്ട്,  പ്രിൻസിപ്പൽ പ്രൊഫ. യു.മുഹമ്മദ്, പ്രൊഫ.കെ.എ.ജലീൽ എന്നിവരെയും കാണാം.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡോ.ഫറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിൽ പാർപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ സ്തബ്ധരാണ് രാജ്യം. കശ്മീർ ഇന്ത്യയിലെ സ്വർഗമാണെന്നും കശ്മീരി ജനത തികഞ്ഞ സമാധാനപ്രേമികളാണെന്നും വ്യക്തമാക്കി ഡോ. ഫാറൂഖ് അബ്ദുല്ല 1988 മാർച്ചിൽ ഫാറൂഖ് കോളേജ് സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിന് വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്. അന്ന് കശ്മീർ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്ന് കോളേജ് യൂണിയൻ ചെയർമാനായിരുന്ന ലേഖകൻ അനുസ്മരിച്ചു. കശ്മീരിന് ഇന്ത്യയുമായുള്ള പൊക്കിൾകൊടി ബന്ധം വികാരധീനനായാണ് അദ്ദേഹം വിവരിച്ചത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാന്റെഒരു തരത്തിലുള്ള ഗൂഢ ശ്രമവും വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യയുടെ കരുത്തിന്റെ ഭാഗമാവാൻ വിദ്യാർഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 
സർക്കാരിന്റെ അതിഥികളായി കശ്മീർ സന്ദർശിക്കാൻ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ ക്ഷണിച്ചാണ് ഫാറൂഖ് അബ്ദുല്ല തന്റെ സംസാരം അവസാനിപ്പിച്ചതെന്നും സ്മരണീയമാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് എം.പിയുടെ കൂടെയാണ് അന്ന് അദ്ദേഹം ഫാറൂഖ് കോളേജ് സന്ദർശിച്ചത്. 
എക്കാലത്തും ഇന്ത്യൻ മതേതരത്വത്തിന്റെ മുഖമായിരുന്നു ഡോ.ഫാറൂഖ് അബ്ദുല്ല. ഇന്ത്യാവിഭജനകാലത്ത് പല നാട്ടുരാജ്യങ്ങളും പാക്കിസ്ഥാനിൽ ലയിച്ചപ്പോൾ ഇന്ത്യയോടൊപ്പം പാറ പോലെ ഉറച്ചുനിന്ന സ്വതന്ത്ര രാജ്യമാണ് ജമ്മു കശ്മീർ.
ഈ തീരുമാനത്തിന് നേതൃത്വം കൊടുത്തത് ജമ്മു കശ്മീരിലെ ഏറ്റവും വലിയ പാർട്ടിയായ നാഷണൽ കോൺഫറൻസും ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ  ഷെയ്ഖ് അബ്ദുല്ലയുമായിരുന്നു.
കശ്മീർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടെഇന്ത്യയോടുള്ള അടിയുറച്ച പ്രതിബദ്ധതകൂടിയാണ് വാസ്തവത്തിൽ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.
ഇന്ത്യ വിഭജനകാലത്ത് കശ്മീർ രാജാവായിരുന്ന മഹാരാജ ഹരിസിങ് സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്ത് ഇന്ത്യയോടൊപ്പം ഉറച്ചുനിന്നഅന്നത്തെ കശ്മീരിലെ ഏറ്റവും വലിയ പാർട്ടിയായ നാഷണൽ കോൺഫറൻസിന്റെ സർവാദരണീയനായ നേതാവായിരുന്നു ഷെയ്ഖ് അബ്ദുല്ല.
ആത്തി സേ ചീനാർ (ചീനാറിലെ തീ ജ്വാലകൾ) എന്ന ആത്മകഥയിൽ 'ഐ പ്രിഫർ എ സെക്യുലർ ഡെമോക്രാറ്റിക് മോഡേൺ ഇന്ത്യ, ടു എ കമ്മ്യുണൽ റിയാക്ഷണറി അൺഡെമോക്രാറ്റിക് പാക്കിസ്ഥാൻ...' എന്ന ഷെയ്ഖ് അബ്ദുല്ലയുടെ പ്രഖ്യാപനം ഏതൊരു ഇന്ത്യക്കാരനും രോമാഞ്ചജനകമാണ്. 
കശ്മീർ ജനതയുടെ ഭക്ഷണത്തിൽ പോലും ഹിന്ദു-മുസ്‌ലിം സമാനതയുടേയുംസ്‌നേഹ സൗഹാർദ്ദത്തിന്റെയും കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ 2019 സെപ്റ്റംബർ മാസത്തെ ഗോകുലം ശ്രീയുടെ 'സൗഹാർദത്തിന്റെ കശ്മീർ' എന്ന ലേഖനത്തിൽ വിശദീകരിച്ചത് ഏറെ പ്രസ്താവ്യമാണ്. ബ്രാഹ്മണരായ കശ്മീർ പണ്ഡിറ്റുകളും അവിടുത്തെ മുസ്‌ലിംകളും ബീഫ് കഴിക്കില്ല, എന്നാൽ ധാരാളമായി അവർ മട്ടൻ കഴിക്കുന്നവരാണെന്ന് ഡോ.ഫസൽ ഗഫൂർ ലേഖനത്തിൽ പറയുന്നു.
1974 ൽ കശ്മീരിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്ന് കശ്മീർ ജനസമൂഹവുമായി ഇഴകി ചേർന്ന് ജീവിച്ച വ്യക്തിയാണ് ഡോ.ഫസൽ ഗഫൂർ. നിർണായകഘട്ടത്തിൽ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ പ്രയത്‌നിച്ച നാഷണൽ കോൺഫറൻസിന്റെ ഇന്നത്തെ നേതാവാണ് ഡോ.ഫറൂഖ് അബ്ദുല്ല. പാർട്ടിയുടെ നയം അന്നും ഇന്നും ഒന്നു തന്നെ. എന്നിട്ടും പൊതു സുരക്ഷാനിയമ (പി.എസ്.എ) പ്രകാരം അദ്ദേഹത്തെ തടങ്കലിൽ പാർപ്പിച്ചിക്കുന്നത് വിരോധാഭാസവും അസ്വീകാര്യവുമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ പൈതൃകവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകുമെന്ന് തന്നെ നമുക്ക് ആശിക്കാം.    

Latest News