Sorry, you need to enable JavaScript to visit this website.

എല്ലാവർക്കും നീതി ലഭ്യമാക്കും, തോറ്റത് സമർത്ഥനായ വിദ്യാർഥി, പിഴവ് അധ്യാപകർക്ക്; മാർക്ക് ദാനത്തിൽ ന്യായീകരണവുമായി മന്ത്രി ജലീൽ

തിരുവനന്തപുരം- ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് പ്രത്യേക പുനർ മൂല്യനിർണയത്തിലൂടെ കൂടുതൽ മാർക്ക് ലഭിച്ചതിൽ അപാകതയില്ലെന്ന് മന്ത്രി കെ.ടി ജലീൽ. വിദഗ്ദരായ അധ്യാപകരാണ് പുനർ മൂല്യനിർണയം നടത്തിയതെന്നും നീതി ആർക്കും നിഷേധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുംവിധം മൂല്യനിർണയത്തിൽ കൃത്യവിലോപം നടത്തുന്ന അധ്യാപകർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചട്ടുണ്ട്. ഈ വിഷയത്തിലും അത്തരം നടപടികൾ സ്വീകരിക്കാൻ സർവകലാശാലയോട് നിർദേശിച്ചിട്ടുണ്ട്. തീർത്തും ന്യായമായ ഒരു നടപടിയെയാണ് ചട്ടവിരുദ്ധമെന്ന് മുദ്രകുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. എന്ത് വിലകൊടുത്തും ന്യായമായത് അർഹരായവർക്ക് സർക്കാർ ഉറപ്പുവരുത്തുക തന്നെചെയ്യും.
 മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

 2019 ഫെബ്രുവരി 27 നാണ് എ.പി.ജെ അബ്ദുൾകലാം സാങ്കേതികശാസ്ത്ര സർവകലാശാലയിൽ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായുള്ള അദാലത്ത് നടന്നത്. അന്ന് ശ്രീഹരി എസ് എന്ന വിദ്യാർത്ഥി മൂല്യനിർണയത്തിൽ അപാകതകൾ സംബന്ധിച്ച് അനുബന്ധ രേഖകൾ സഹിതം ഒരു പരാതി ഉന്നയിച്ചു. എല്ലാ വിഷയങ്ങളിലും ശരാശരി 90% ത്തിൽ കൂടുതൽ മാർക്കുള്ള തനിക്ക് ആറാം സെമസ്റ്ററിൽ ഒരു വിഷയത്തിനു മാത്രം കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്നും മൂല്യനിർണ്ണയത്തിലെ അപാകതയാണ് അതിനു കാരണമെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാണിച്ചു. പ്രഥമ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും യഥാക്രമം 29, 32 മാർക്കുകളാണ് ശ്രീഹരിക്ക് ലഭിച്ചിരുന്നത്. അദാലത്തിൽ പരീക്ഷാപേപ്പറിന്റെ കോപ്പി ഹാജരാക്കിയത് പ്രാഥമികമായി നോക്കിയപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് പൊതുവെ അഭിപ്രായമുയർന്നു. ശ്രീഹരിയുടെ മെറിറ്റ് പരിശോധിച്ചപ്പോൾ KEAM എൻട്രൻസിൽ 5428 റാങ്ക് നേടിയാണ് ടി.കെ.എം. എൻഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടിയതെന്നും ബോധ്യപ്പെട്ടു.

തുടർന്ന് അദാലത്തിൽ സന്നിഹിതരായിരുന്ന സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അക്കാഡമിക് വിദഗ്ധരുടെ വിശകലനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ ഇതൊരു സ്‌പെഷ്യൽ കേസായി പരിഗണിക്കണമെന്ന അഭിപ്രായം ഉയർന്നുവരികയും അതടിസ്ഥാനത്തിൽ മൂന്നാമതൊരു മൂല്യനിർണ്ണയം ആവശ്യമെങ്കിൽ നടത്താമെന്നും തീരുമാനിക്കുകയായിരുന്നു. വിദഗ്ധരായ അദ്ധ്യാപകരെ കൊണ്ട് ഒരാഴ്ചയ്ക്കകം പുനർമൂല്യനിർണയം നടത്താനും പരാതിയിൽ സത്യാവസ്ഥ ഉള്ളതായി കണ്ടെത്തിയാൽ മൂല്യനിർണയവും ആദ്യ പുനർമൂല്യനിർണയവും നടത്തിയവർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ഇത് അദാലത്തിന്റെ തീരുമാനമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു.
പ്രസ്തുത തീരുമാനം പൂർണ്ണമായും ശരിയും ന്യായവുമായിരുന്നു എന്നാണ് യൂണിവേഴ്‌സിറ്റിയുടെ തുടർനടപടികളിൽ തെളിഞ്ഞത്. അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാല വിദഗ്ധരായ അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും മൂന്നാം മൂല്യനിർണയത്തിൽ ബന്ധപ്പെട്ട വിദ്യാർത്ഥിക്ക് നേരത്തെ രണ്ടു മൂല്യനിർണ്ണയങ്ങളിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ പേപ്പറിൽ 48 മാർക്ക് നേടാനാവുകയും ചെയ്തു. തന്നെയുമല്ല ബി ടെക്കിന് സംസ്ഥാനത്ത് അഞ്ചാം റാങ്കും ശ്രീഹരി കരസ്ഥമാക്കിയതായി അറിയാൻ സാധിച്ചു. കൂടാത 9.16 പോയിന്റോടെ ബി ടെക് ഹോണേഴ്‌സ് ഡിഗ്രിയും നേടി. (CGPA 8 പോയന്റിൽ കൂടുതൽ ലഭിക്കുകയും നാലാം സെമെസ്റ്ററിനു ശേഷം ഒരുവിഷയത്തിനും സപ്ലിമെന്ററി ആകാതിരിക്കുകയും ചെയ്യുന്ന മിടുക്കർക്കാണ് ബി ടെക് ഹോണേഴ്‌സ് ലഭിക്കുക).

ശ്രീഹരിയുടെ ഒന്നാം സെമസ്റ്റർ മുതലുള്ള ഗ്രേഡുകൾ താഴെ പറയും പ്രകാരമാണ്.
S1: 9.35, S2: 9.69, S3: 9.63, S4: 9.13, S5: 8.85, S6: 8.7, S7: 8.61, S8: 9.58. അദാലത്തിലെ തീരുമാനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക് തികച്ചും ന്യായമായും അർഹതപ്പെട്ട വിജയം ഉറപ്പുവരുത്താനായതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ട്. സാങ്കേതികശാസ്ത്ര സർവകലാശാലയിൽ ഇതിനുമുൻപും വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലും കോടതി വിധികളുടെ വെളിച്ചത്തിലും ഒന്നിലധികം പുനർ മൂല്യനിർണയങ്ങൾ നടന്നിട്ടുണ്ട്. സമാന പരാതികളുടെ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുംവിധം മൂല്യനിർണയത്തിൽ കൃത്യവിലോപം നടത്തുന്ന അദ്ധ്യാപകർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിഷയത്തിലും അത്തരം നടപടികൾ സ്വീകരിക്കാൻ സർവകലാശാലയോട് നിർദേശിച്ചിട്ടുണ്ട്. തീർത്തും ന്യായമായ ഒരു നടപടിയെയാണ് ചട്ടവിരുദ്ധമെന്ന് മുദ്രകുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. എന്ത് വിലകൊടുത്തും ന്യായമായത് അർഹരായവർക്ക് സർക്കാർ ഉറപ്പുവരുത്തുക തന്നെചെയ്യും.
 

Latest News