അസമിലെ ഹിന്ദുക്കളെ ബിജെപി സംരക്ഷിക്കുമെന്ന് റാം മാധവ്

സില്‍ചാര്‍- അസമിലെ ദേശീയ പൗരത്വ പട്ടിക തയാറാക്കല്‍ ഏറെ വൈകിയുള്ള ഒരു പദ്ധതിയാണെന്നും അതില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. 1951ല്‍ അസമിലൊഴികെ രാജ്യത്ത് എല്ലായിടത്തും ദേശീയ പൗരത്വ പട്ടിക തയാറാക്കിയിരുന്നു. മുന്‍ സര്‍ക്കാരുകളുടെ കാര്യക്ഷമത ഇല്ലായ്മ കൊണ്ട് അസമില്‍ ഇതു നടപ്പിലായില്ല. 1985ല്‍ കോണ്‍ഗ്രസ്് സര്‍ക്കാരിന് അസം ഉടമ്പടി ഉണ്ടാക്കാനായി. എന്നാല്‍ 70 വര്‍ഷത്തോളം ദേശീയ പൗരത്വ പട്ടിക അവര്‍ വൈകിപ്പിച്ചു- മാധവ് പറഞ്ഞു.

വൈകിയതു കൊണ്ട് ക്രമക്കേടുകള്‍ സ്വാഭാവികമാണ്. നമ്മുടെ സര്‍ക്കാര്‍ എല്ലാ യഥാര്‍ത്ഥ ഇന്ത്യക്കാരേയും പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട, 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കളേയും സംരക്ഷിക്കും- അദ്ദേഹം പറഞ്ഞു.

ശ്യാമ പ്രസാദ് മുഖര്‍ജിയാണ് അസമിനെ പാക്കിസ്ഥാനില്‍ നിന്നും രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഭജനകാലത്ത് ഈസ്റ്റ് പാക്കിസ്ഥാന്റെ (ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമാകേണ്ടിയിരുന്ന ഗ്രൂപ്പ് സി സംസ്ഥാനമായിരുന്നു അസം. എന്നാല്‍ ശ്യാമ പ്രസാദ് മുഖര്‍ജിയും ഗോപിനാഥ് ബര്‍ദോലോയിയും ചേര്‍ന്നാണ് അസമിനെ പാക്കിസ്ഥാനില്‍ ഉള്‍പ്പെടുത്താതെ സംരക്ഷിച്ചത്. ജിന്ന പാക്കിസ്ഥാനെ വിഭജിച്ചെങ്കില്‍ അസമിനെ രക്ഷിച്ചു കൊണ്ട് മുഖര്‍ജി പാക്കിസ്ഥാനെ വിഭജിച്ചുവെന്നും മാധവ് പറഞ്ഞു.
 

Latest News