Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരില്‍ കുട്ടികള്‍ തടങ്കലില്‍; ഹൈക്കോടതി സമതി അന്വേഷിക്കും


കശ്മീര്‍ പരാമര്‍ശങ്ങള്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി


ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ സുരക്ഷാ സേനകള്‍ പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ കുറിച്ചോ കുട്ടികളെ തടങ്കലിലാക്കിയതിനെ കുറിച്ചോ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പരാമര്‍ശമൊന്നും നടത്തിയില്ല.

അതേസമയം,ബാലാവകാശ പ്രവര്‍ത്തകരായ എനാക്ഷി ഗാംഗുലിയും ശാന്ത സിന്‍ഹയും സമര്‍പ്പിച്ച ഹരജിയില്‍  കുട്ടികളെ തടങ്കലില്‍ വെച്ചതടക്കം പ്രസക്തമായ  പ്രശ്നങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഉത്തരവില്‍ കുട്ടികളെ തടങ്കലില്‍ വെച്ചുവെന്ന് പരാമര്‍ശിക്കുന്നതിനേയും നോട്ടീസ് അയക്കുന്നതിനേയും  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. ഇത് വന്‍ പ്രത്യാഘതമുണ്ടാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതു പരിഗണിക്കാതെയാണ് ആരോപണങ്ങളെക്കുറിച്ച് പാനല്‍ അന്വേഷണം ആരംഭിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം.

കശ്മീരിലെ നിയന്ത്രണങ്ങള്‍ കാരണം ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്ന പരാതിക്കാരുടെ അഭിഭാഷകന്‍ ഹുസേഫ അഹ്്മദിയുടെ പ്രസ്താവനയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ സുപ്രീം കോടതി ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അഹ് മദിയുടെ വാദത്തെ അംഗീകരിക്കുന്ന റിപ്പോര്‍ട്ടല്ല കശ്മീര്‍ ചീഫ് ജസ്റ്റിസില്‍നിന്് ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.  എന്നിരുന്നാലും, കുട്ടികളെ തടങ്കലില്‍ വെച്ചതായി ആരോപിക്കപ്പെടുന്നതിനാല്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഹൈക്കോടതിയുടെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയോട് ആവശ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

കശ്മീരില്‍ നിയമവിരുദ്ധമായി കുട്ടികളെ തടഞ്ഞുവെച്ചതായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ്  ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്ന് ഹരജിക്കാര്‍ വാദിച്ചത്.
തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും തടങ്കലില്‍ വെക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയോട് ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.  

 

Latest News