ഭര്‍ത്താവ് മരിച്ചതറിയാതെ വീട്ടിലേക്ക് മടങ്ങിയ ഭാര്യ അപകടത്തില്‍ മരിച്ചു

കല്‍പറ്റ-ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഗൃഹനാഥനു പിന്നാലെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു.   കണിയാമ്പറ്റ വൈത്തല പറമ്പില്‍ മുഷ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഭാര്യ മൈമൂന വാഹനാപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മകന്‍ അന്‍സാറിനെ (19) കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താഖിനെ ആശുപത്രിയിലെത്തിച്ചത്. മുഷ്താഖ് മരിച്ചതോടെ ഭാര്യയെയും മകനെയും ഇയാളുടെ മരണം അറിയിക്കാതെ വീട്ടിലേക്ക് അയച്ചതായിരുന്നു.

ഇന്ധനം കുറവായതിനാല്‍ കൈനാട്ടിയില്‍ നിന്നും വെള്ളാരംകുന്ന് പെട്രോള്‍ പമ്പിലേക്ക് പോകും വഴി കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ മുഷ്താഖ് മൈസൂര്‍ സ്വദേശിയാണ്. വിവാഹ ശേഷം കണിയാമ്പറ്റയിലായിരുന്നു സ്ഥിരതാമസം.

 

Latest News