Sorry, you need to enable JavaScript to visit this website.

സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ഹൈക്കോടതി മുന്‍ജഡ്ജി പീഡിപ്പിക്കുന്ന ദൃശ്യം പുറത്ത്; വ്യാപക പ്രതിഷേധം

ഹൈദരാബാദ്- വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നൂട്ടി രാമമോഹന റാവു സ്ത്രീധനത്തിന്റെ പേരില്‍ സ്വന്തം മകന്റെ ഭാര്യയെ വീട്ടിനുള്ളില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വിഡിയോ വെള്ളിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് വിഡിയോയില്‍ ജഡ്ജിയും ഭാര്യയും മകനുമടക്കം മൂന്ന് കുടുംബാംഗങ്ങള്‍ മകന്റെ ഭാര്യയായ സിന്ധു ശര്‍മയെ നിര്‍ത്താതെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സിന്ധു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ചു വലിച്ച് സോഫലിട്ടും തറയിലൂടെ വലിച്ചിഴച്ചും മര്‍ദനം തുടര്‍ന്നു. ഇതു കണ്ട് ഓടിയെത്തുന്ന സിന്ധുവിന്റെ പിഞ്ചു കുഞ്ഞിനെ ജഡ്ജി തട്ടിമാറ്റുന്ന ക്രൂര ദൃശ്യവും ഉണ്ട്. 30-കാരിയായ സിന്ധു മുന്‍ജഡ്ജിയുടെ മകന്‍ നൂട്ടി വസിഷ്ഠിന്റെ ഭാര്യയാണ്. മുന്‍ജഡ്ജി നൂട്ടി രാമമോഹന റാവുവിനും ഭാര്യ ദുര്‍ഗ ലക്ഷമിക്കും വസിഷ്ഠിനുമെതിരെ സിന്ധു സ്ത്രീധന പീഡന കേസ് നല്‍കിയിട്ടുണ്ട്.

ഏപ്രിലില്‍ വീട്ടിനുള്ളില്‍ ക്രൂര മര്‍ദനമേറ്റ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സിന്ധുവിനെ അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് വീട്ടിനകത്തെ പീഡനം പുറത്തായത്. തന്റെ മാനസികനില തെറ്റിയെന്നും മയക്കുമരുന്നു നല്‍കണമെന്നുമായിരുന്നു ഭര്‍തൃമാതാവ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നതെന്ന് സിന്ധു പറയുന്നു. ഡോക്ടര്‍മാരാണ് സഹായിച്ചതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ രാജ്യമൊട്ടാകെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുടുംബം നേരത്തെ പുറത്തുവിടാന്‍ വിസമ്മതിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സിന്ധു പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പാസ്‌വേര്‍ഡ് സിന്ധു ഓര്‍ത്തിരുന്നതാണ് തുണയായത്. 

സംഭവത്തിനു ശേഷം ആ രാത്രിയില്‍ തന്നെ  സിന്ധു ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ആഴ്ചകള്‍ക്കു ശേഷം രണ്ടാമതും ശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ടു. ഇവരുടെ നാലു രണ്ടും വയസ്സുള്ള മക്കളെ മുന്‍ജഡ്ജിയും കുടുംബവും പിടിച്ചു വച്ചതായിരുന്നു. പൗരാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയും ഹൈക്കോടതിയുടെ സഹായത്തോടെയും രണ്ടു പെണ്‍കുട്ടികളേയും സിന്ധുവിന് പിന്നീട് വിട്ടുകിട്ടി. 

ഹൈദരാബാദ്, മദ്രാസ് ഹൈക്കോടതികളില്‍ മുതിര്‍ന്ന ജഡ്ജിയായി സേവനമനുഷ്ഠിച്ച ഒരാള്‍ സ്വന്തം മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വലിയ ഞെട്ടലുളവാക്കുന്നതാണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.


 

Latest News