കശ്മീര്‍ ഇന്ത്യയുടെ കോളനിയാണോ? രൂക്ഷ വിമര്‍ശവുമായി മെഹ്ബൂബ മുഫ്തിയുടെ മകള്‍

മുംബൈ- ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണോ അതോ കോളനിയാണോയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയുടെ ചോദ്യം. കശ്മീരിലെ ജനങ്ങളെ ഒരു മാസമായി വീടുകളില്‍ അടച്ചട്ടിരിക്കയാണെന്നും അവര്‍ വലിയ ദുരിതത്തിലാണെന്നും ഇല്‍തിജ പറഞ്ഞു. ഇങ്ങനെ ബന്ദികളാക്കിയ ശേഷമാണ് ഭാവിയെ കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴത്തെ കാര്യം സംസാരിക്കാന്‍ തയാറാകണമെന്ന് ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍  മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇല്‍തിജ നടത്തിയത്. ഇത് ഗാന്ധിയുടെ ഇന്ത്യയോ ഗോഡ്‌സെയുടെ ഇന്ത്യയോ എന്ന് അവര്‍ ചോദിച്ചു.
പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണണം.  ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണം. മനുഷ്യത്വത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും മാനസികവെല്ലുവിളികളെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന മുറിവിനെ സംബന്ധിച്ചും സംസാരിക്കാന്‍ തയാറാകണം- അവര്‍ പറഞ്ഞു.

 

Latest News