Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ആയുധ നിർമാണ കേന്ദ്രങ്ങൾ തകർത്തു

റിയാദ്- ഹൂത്തി ഭീകരരുടെ ആയുധ നിർമാണ കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന ശക്തമായ ആക്രമണങ്ങൾ നടത്തി. റിമോട്ട് കൺട്രോൾ ബോട്ടുകൾ അസംബ്ൾ ചെയ്ത് നിർമിക്കുന്നതിനും സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകൾ ആക്രമണങ്ങൾക്ക് സജ്ജീകരിക്കുന്നതിനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളും സമുദ്ര മൈൻ നിർമാണ കേന്ദ്രങ്ങളും അടക്കം നാല് ആയുധ നിർമാണ കേന്ദ്രങ്ങളാണ് തകർത്തത്. സാധാരണക്കാർക്കിടയിൽ ആളപായം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
അൽഹുദൈദക്ക് വടക്ക് ഹൂത്തികളുടെ മറ്റു സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടത്തി. ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് സാധാരണക്കാരോട് സഖ്യസേന ആവശ്യപ്പെട്ടു. സൗദിക്കു നേരെ ആക്രമണങ്ങൾ നടത്താൻ അൽഹുദൈദയെ ഹൂത്തികൾ താവളമാക്കുകയാണെന്ന് തുർക്കി അൽമാലികി പറഞ്ഞു.
ചെങ്കടലിന് തെക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം വ്യാഴാഴ്ച സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. അൽഹുദൈദയിൽ നിന്നാണ് ഹൂത്തികൾ ബോംബ് ബോട്ട് അയച്ചത്. ലക്ഷ്യം കാണുന്നതിനു മുമ്പായി ബോട്ട് സൈന്യം തകർക്കുകയായിരുന്നു. 
 

Latest News