Sorry, you need to enable JavaScript to visit this website.

അറാംകോ ആക്രമണം: അന്താരാഷ്ട്ര സമൂഹം  ചെറുക്കണം -അൽജുബൈർ

റിയാദ്- മേഖലയിൽ ഇറാൻ നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾ ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം കർക്കശമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു. ഇറാൻ ആയുധങ്ങൾ ഉപയോഗിച്ചാണ് ബഖീഖിലും ഖുറൈസിലും ആക്രമണങ്ങൾ നടത്തിയത്. ഇത് സൗദി അറേബ്യക്കെതിരെ മാത്രമല്ല, ലോകത്തിനെതിരായ ആക്രമണമാണ്. ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടത്. 
ഇറാന്റെ വിനാശകരവും ശത്രുതാപരവുമായ നയങ്ങളുടെ തുടർച്ചയാണിത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കുകയും ഇറാനെതിരെ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കുകയും വേണം. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നത് വിനാശകരവും ശത്രുതാപരവുമായ പ്രവർത്തനങ്ങൾ തുടരാൻ ഇറാന് പ്രചോദനമാകും. ഇതിന്റെ പ്രത്യാഘാതങ്ങൾ മേഖലയെ മാത്രമല്ല, ആഗോള സമാധാനത്തെ വരെ ബാധിക്കുമെന്നും ആദിൽ ജുബൈർ പറഞ്ഞു. 
അതേസമയം, സൗദി അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഏതു രീതിയിലാണ് തിരിച്ചടി നൽകേണ്ടത് എന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് തീരുമാനിക്കുകയെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്നാണ് ഇതുവരെയുള്ള സൂചനകൾ വ്യക്തമാക്കുന്നത്. അന്വേഷണം പൂർത്തിയാവുകയും ആക്രമണത്തിന്റെ ഉറവിടം അറിയുകയും ചെയ്ത ശേഷം സൗദിക്കൊപ്പം അമേരിക്ക പ്രവർത്തിക്കും. മുഴുവൻ അന്വേഷണങ്ങളും പൂർത്തിയാകുന്നതിനു മുമ്പായി നിഗമനങ്ങളിലെത്തിച്ചേരില്ല. 
ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്നതിന് അവലംബിക്കാവുന്ന മാർഗങ്ങളും പോംവഴികളും അമേരിക്കൻ പ്രസിഡന്റിനു മുന്നിൽ സൈന്യം സമർപ്പിക്കും. ഇറാനെ ചെറുക്കുകയാണ് തിരിച്ചടിയുടെ ലക്ഷ്യം. അല്ലാതെ യുദ്ധമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണ് എന്നതിന് സൂചനകളുണ്ട്. മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള അത്യാധുനിക ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും പെന്റഗൺ വക്താവ് ജോനാതൻ ഹോഫ്മാൻ പറഞ്ഞു. 
എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. എന്നാൽ ആക്രമണത്തിൽ ഇറാന് നേരിട്ട് പങ്കുള്ളതിന്റെ തെളിവുകൾ കഴിഞ്ഞ ബുധനാഴ്ച സൗദി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇറാഖ് അതിർത്തിക്കു സമീപമുള്ള ഇറാൻ താവളമാണ് ആക്രമണത്തിന്റെ ഉറവിടമെന്നും, ഇത് തിരിച്ചറിയപ്പെടാതിരിക്കാൻ ഇറാഖിനും കുവൈത്തിനും മുകളിലൂടെയാണ് കിഴക്കൻ സൗദിയിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തു വിട്ടതെന്നും നേരത്തെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 

Latest News