Sorry, you need to enable JavaScript to visit this website.

നിശബ്ദം പാലാ; രണ്ടാം നാൾ ബൂത്തിലേക്ക് 

കോട്ടയം- മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിന് ആവേശ കൊടുമുടിയിൽ സമാപനം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും പ്രതിപക്ഷ-ദേശീയ നേതാക്കളും കളം നിറഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിലെ ആവശേവും ചരിത്രമായി. ഇന്ന് ശ്രീനാരായണ ഗുരു സമാധി പരിഗണിച്ചാണ് കൊട്ടിക്കലാശം ഇന്നലത്തേക്ക് മാറ്റാൻ പ്രധാന രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചത്. ഇനി രണ്ടു നാൾ നിശബ്ദ പ്രചാരണത്തിന്റേതാകും. യു.ഡി.എഫിനും എൽ.ഡി.എഫിനുമൊപ്പം എൻ.ഡി.എയും ആവേശത്തിൽ പിന്നിലായില്ല.
കുരിശുപള്ളി കവലയിൽ നടന്ന സമ്മേളനത്തോടെയായിരുന്നു യു.ഡി.എഫ് പ്രചാരണത്തിന്റെ  കലാശക്കൊട്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ നൂറുകണക്കിന് പ്രവർത്തകർ സമ്മേളന വേദിയായ പാലാ കുരിശുപള്ളി കവലയിലേയ്ക്ക് ഒഴുകിയെത്തി. വിവിധ പഞ്ചായത്തുകളിൽ നിന്നും പ്രവർത്തകർ ഇരുചക്ര വാഹന റാലികളായി നഗരത്തിൽ എത്തി. സ്ഥാനാർഥി ജോസ് ടോം പ്രവർത്തകരുടെ അകമ്പടിയോടെയാണ് വേദിയിലെത്തിയത്. നാലു മണി കഴിഞ്ഞതോടെ യു.ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ കൊണ്ട് വേദി നിറഞ്ഞു. 
തെരഞ്ഞെടുപ്പു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ അൻവർ സാദത്ത്, എൻ.ഷംസുദ്ദീൻ, റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവർ പ്രസംഗിച്ചു. 
പാലായിൽ പ്രവർത്തകരുടെ കടൽ തീർത്തായിരുന്നു എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം. ആയിരക്കണക്കിന് പേർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു സമാപനം കുറിച്ച് പാലായിൽ എത്തി. പ്രവർത്തകർ സ്റ്റേഡിയം ജംഗ്ഷനിൽ കേന്ദ്രീകരിച്ച് പ്രകടനമായി തൊടുപുഴ റോഡിലുള്ള സമ്മേളന നഗറിലേക്ക് എത്തിച്ചേർന്നു. തുടർന്ന് നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. 
വേദിയിലേക്കു വന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സ്ഥാനാർഥി മാണി സി.കാപ്പനെയും ആവേശത്തോടെയാണ് പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്.  സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് എൻ.ഡി.എയുടെ കൊട്ടിക്കലാശം ശ്രദ്ധേയമായി. എൻ.ഡി.എ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് പാരമ്പര്യമുള്ള നേതാക്കളായിരുന്നു റാലിയുടെ മുൻനിരയിൽ.  കടപ്പാട്ടൂർ ബൈപാസിൽ നിന്നാരംഭിച്ച കൊട്ടിക്കലാശം ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സമാപിച്ചത്. മഹിളാ മോർച്ചയുടെയും യുവമോർച്ചയുടെയും യൂത്ത് ഫ്രണ്ടിന്റെയും ജനപക്ഷത്തിന്റെയും പ്രവർത്തകരുടെ ബൈക്ക് റാലി ആവേശകരമായി. സ്ഥാനാർഥി എൻ.ഹരിക്കൊപ്പം ഒ.രാജഗോപാൽ എം.എൽ.എ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, എം.ടി.രമേഷ്,  കെ.പി.ശ്രീശൻ, പി.സി.തോമസ്, പി.സി.ജോർജ് എം.എൽ.എ, ബിനു പുളിക്കക്കണ്ടം എന്നിവർ വാഹനത്തിലുണ്ടായിരുന്നു. 

Latest News