Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി കൂടുതല്‍ വിദേശ വനിതകള്‍ എത്തുന്നു


ഒരു വർഷത്തിനിടെ 459 വിദേശ വനിതകളെ ഹൗസ് ഡ്രൈവർമാരായി റിക്രൂട്ട് ചെയ്തു


രാജ്യത്ത് 16,66,042 ഹൗസ് ഡ്രൈവർമാർ
 


റിയാദ്- പ്രതീക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും വിരുദ്ധമായി സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് ഹൗസ് ഡ്രൈവർമാർക്കുള്ള ആവശ്യം ഗണ്യമായി കുറയുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

2018 രണ്ടാം പാദാവസാനത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദാവസാനത്തിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിൽ 22.7 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് 16,66,042 ഹൗസ് ഡ്രൈവർമാരാണുള്ളത്. ഇക്കൂട്ടത്തിൽ 459 പേർ വിദേശ വനിതാ ഡ്രൈവർമാരാണ്. കഴിഞ്ഞ വർഷം രണ്ടാം പാദാവസാനത്തിൽ രാജ്യത്ത് ആകെ 13,57,228 ഹൗസ് ഡ്രൈവർമാരാണുണ്ടായിരുന്നത്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്ന ശേഷം ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിൽ 3,08,814 പേരുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ജൂൺ 24 ന് ആണ് സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നത്.


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 31,09,173 ഗാർഹിക തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 53.6 ശതമാനവും ഹൗസ് ഡ്രൈവർമാരാണ്. ആകെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഒരു വർഷത്തിനിടെ 28.4 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം രണ്ടാം പാദാവസാനത്തിൽ രാജ്യത്ത് ആകെ 24,21,103 ഗാർഹിക തൊഴിലാളികളാണുണ്ടായിരുന്നത്. ഇതേ കാലയളവിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 25 ശതമാനം തോതിൽ കുറഞ്ഞു. എന്നാൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 6,88,070 പേരുടെ വർധനവാണ് ഒരു വർഷത്തിനിടെയുണ്ടായത്. 


വീട്ടുവേലക്കാരുടെ എണ്ണം ഒരു വർഷത്തിനിടെ 44.2 ശതമാനം തോതിൽ വർധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 13,68,820 വീട്ടുവേലക്കാരുണ്ട്. കഴിഞ്ഞ വർഷം രണ്ടാം പാദാവസാനത്തിൽ വീട്ടുവേലക്കാർ 9,49,148 ആയിരുന്നു. പാചകക്കാരുടെയും ഭക്ഷണ വിതരണക്കാരുടെയം എണ്ണത്തിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം 63.1 ശതമാനം തോതിൽ ഒരു വർഷത്തിനിടെ വർധിച്ചു. 2018 ആദ്യ പകുതിയുടെ അവസാനത്തിൽ രാജ്യത്ത് 18,783 പാചകക്കാരും ഭക്ഷണ വിതരണക്കാരുമാണുണ്ടായിരുന്നത്. ഈ വർഷം ആദ്യ പകുതിയുടെ അവസാനത്തിൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം 30,627 ആയി ഉയർന്നു. ഹോംനഴ്‌സുമാരുടെ എണ്ണത്തിൽ അര ശതമാനം വർധനവ് രേഖപ്പെടുത്തി. ഹോംനഴ്‌സുമാരുടെ എണ്ണം ഒരു വർഷത്തിനിടെ 2,503 ൽ നിന്ന് 2,517 ആയി ഉയർന്നു. 


ചില വിഭാഗം ഗാർഹിക തൊഴിലാളികളുടെ എണ്ണം ഒരു വർഷത്തിനിടെ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. വീടുകളിലും കെട്ടിടങ്ങളിലും ഇസ്തിറാഹകളിലും വാച്ച്മാന്മാരായി (ഹാരിസ്) 30,506 വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 14 പേർ വനിതകളാണ്. വാച്ച്മാന്മാരുടെ എണ്ണം ഒരു വർഷത്തിനിടെ 11.9 ശതമാനം തോതിൽ കുറഞ്ഞു. ഒരു വർഷം മുമ്പ് രാജ്യത്ത് 34,137 ഹാരിസുമാരുണ്ടായിരുന്നു. 
ഹൗസ് മാനേജർമാരായി 2,113 വിദേശികൾ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 1,453 പേർ പുരുഷന്മാരും 660 പേർ വനിതകളുമാണ്. ഹൗസ് മാനേജർമാരുടെ എണ്ണത്തിൽ 17 ശതമാനം കുറവുണ്ടായി. 2018 രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,472 ഹൗസ് മാനേജർമാരുണ്ടായിരുന്നു. വീടുകളിൽ തോട്ടപ്പണിക്കാരായി 2,614 പേർ ജോലി ചെയ്യുന്നുണ്ട്. തോട്ടപ്പണിക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു വർഷത്തിനിടെ തോട്ടപ്പണിക്കാരുടെ എണ്ണം 0.7 ശതമാനം തോതിലാണ് കുറഞ്ഞത്. 2018 ആദ്യ പാദാവസാനത്തിൽ രാജ്യത്ത് 2,634 തോട്ടപ്പണിക്കാരുണ്ടായിരുന്നു. 
വീടുകളിൽ ടൈലർമാരായി ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിൽ ഒരു കൊല്ലത്തിനിടെ 31.7 ശതമാനം പേരുടെ കുറവുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,513 വിദേശികൾ വീടുകളിൽ ടൈലർമാരായി ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലത്ത് 1,993 വിദേശികൾ വീടുകളിൽ ടൈലർമാരായി ജോലി ചെയ്തിരുന്നു. വീടുകളിൽ ട്യൂഷൻ അധ്യാപകരായി ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു വർഷത്തിനിടെ 5,235 ൽ നിന്ന് 4,421 ആയി കുറഞ്ഞു. ട്യൂഷൻ അധ്യാപകരുടെ എണ്ണത്തിൽ 18.4 ശതമാനം കുറവാണുണ്ടായത്. പ്രത്യേക തൊഴിൽ നിർണയിക്കാത്ത വിഭാഗങ്ങളിൽ പെട്ട 46,997 പേർ ഒരു വർഷം മുമ്പ് സൗദിയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്തിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വിഭാഗങ്ങളിൽ പെട്ട ഒരു ഗാർഹിക തൊഴിലാളിയും രാജ്യത്തില്ല. 


 

Latest News