Sorry, you need to enable JavaScript to visit this website.

അൽഅഹ്‌ലി, അൽറിയാദ് ബാങ്ക് ലയന നടപടികൾ പുരോഗമിക്കുന്നു

റിയാദ്- സൗദി അറേബ്യയിലെ ഏറ്റവും വലിയ ബാങ്കുകളായ നാഷണൽ കൊമേഴ്‌സ്യൽ ബാങ്കും (അൽഅഹ്‌ലി) അൽറിയാദ് ബാങ്കും തമ്മിൽ ലയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അണ്ടർ സെക്രട്ടറി ഫഹദ് അൽശത്‌രി വെളിപ്പെടുത്തി. സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്), അൽഅവ്വൽ ബാങ്ക് ലയനം പൂർത്തിയായിട്ടുണ്ട്. ഉദ്ദിഷ്ട അധിക മൂല്യം സാക്ഷാൽക്കരിക്കുന്ന പക്ഷം ഭാവിയിൽ കൂടുതൽ ബാങ്കുകൾ ലയിക്കുന്നതിൽ സാമക്ക് എതിർപ്പില്ല. ധന മേഖലയിലെ ലയനങ്ങൾ ഗൾഫ് വിപണിയുടെ പ്രധാന അടയാളമായി മാറിയിട്ടുണ്ട്. മൂന്നു വിദേശ ബാങ്കുകളുടെ ലൈസൻസ് അപേക്ഷകൾ സാമ പഠിച്ചുവരികയാണ്. ഇതിൽ രണ്ടെണ്ണം പരമ്പരാഗത ബാങ്കുകളും ഒന്ന് ഡിജിറ്റൽ ബാങ്കുമാണ്. സ്റ്റാന്റേർഡ് ആന്റ് ചാർട്ടേർഡ് ബാങ്കിനും ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനും ഈ വർഷം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. പ്രാദേശിക ബാങ്കുകളുടെ ലയനം സൗദി അറേബ്യൻ വിപണിയിലേക്കുള്ള വിദേശ ബാങ്കുകളുടെ പ്രവേശനത്തെ ബാധിക്കില്ല. 
സുതാര്യത ഉറപ്പുവരുത്തുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും ശ്രമിച്ച് പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ സാമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള സെൻട്രൽ ബാങ്കുകൾ സാമ്പത്തിക ഉത്തേജന നടപടികൾ സ്വീകരിച്ചുവരികയാണ്. പലിശ നിരക്കുകൾ കുറക്കുന്നത് സാമ്പത്തിക വളർച്ചക്ക് സഹായകമാകുമെന്നും ഫഹദ് അൽശത്‌രി പറഞ്ഞു. അമേരിക്കൻ ഫെഡറൽ റിസർവിനു പിന്നാലെ സൗദി കേന്ദ്ര ബാങ്കും കഴിഞ്ഞ ദിവസം റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചിരുന്നു. 


 

Tags

Latest News