സുപ്രീം കോടതി ജഡ്ജിമാരില്‍ നാല് സഹപാഠികളുടെ സംഗമം

ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, സഞ്ജയ് കൗള്‍, രവീന്ദ്ര ഭട്ട്, ഹൃഷികേശ് റോയി.

ന്യൂദല്‍ഹി- ഒരേ കോളേജില്‍നിന്ന് ഒരേവര്‍ഷം നിയമബിരുദം നേടിയ സഹപാഠികളുടെ അപൂര്‍വ സംഗമത്തിനു വേദിയാകുകയാണ് സുപ്രീം കോടതി. നിയുക്ത ജസ്റ്റിസുമാരായ ഹൃഷികേശ് റോയി, എസ്.രവീന്ദ്ര ഭട്ട് എന്നിവര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുന്നതോടെ നാല്‍വര്‍ സംഘം പൂര്‍ത്തിയാകുന്നു.
സിറ്റിംഗ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കെ.കൗള്‍ എന്നിവരോടൊപ്പമാണ് രണ്ട് സഹപാഠികള്‍ കൂടി ചേരുന്നത്.  
1982 ല്‍ ദല്‍ഹി സര്‍വകലാശാലയിലെ ക്യാമ്പസ് ലോ സെന്ററില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കിയവരാണ് നാലുപേരും.
ജസ്റ്റിസ് ചന്ദ്രചൂഡാണ് ആദ്യം സുപ്രീം കോടതിയിലെത്തിയത്. 2016 മേയിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്. സഞ്ജയ് കൗള്‍ 2017 ല്‍ സുപ്രീം കോടതിയിലെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഹൃഷികേശ് റോയിയെയും രവീന്ദ്രഭട്ടിനെയും സുപ്രീം കോടതി ജസ്റ്റിസുമാരാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തുവന്നത്. ഹൃഷികേശ് റോയി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

 

Latest News