Wednesday , February   19, 2020
Wednesday , February   19, 2020

നടുവൊടിയുന്ന സമ്പദ്ഘടന

മോഡി സർക്കാരിന്റെ ഭ്രാന്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളിൽ തകർന്നുപോയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് കാതലായ പ്രശ്‌നം. അതിന് തൊഴിലും വരുമാനവുമുള്ള, ക്രയശേഷിയുള്ള, ഒരു ജനസഞ്ചയം കൂടിയേ തീരൂ. കൃഷിയിടങ്ങളിലും പണിശാലകളിലും ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളും ഉപഭോഗ വസ്തുക്കളും വാങ്ങാൻ ശേഷിയുള്ള ജനത തന്നെയാണ് പ്രശ്‌നം. 

സമ്പദ്ഘടനയെ ഗ്രസിച്ചിരിക്കുന്ന കടുത്ത മാന്ദ്യത്തെ അതിജീവിക്കാനെന്ന പേരിൽ ധനമന്ത്രി നിർമലാ സീതാരാമൻ മറ്റൊരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. അത് സമ്പദ്ഘടനയിൽ ഏതെങ്കിലും തരത്തിലുള്ള അനുകൂല പ്രതികരണം സൃഷ്ടിക്കുമെന്ന യാതൊരു സൂചനയും നിലവിലില്ല. റിയൽ എസ്‌റ്റേറ്റ്, കയറ്റുമതി രംഗങ്ങളെ ലക്ഷ്യമാക്കിയാണ് മൂന്നാം ഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന റിയൽ എസ്‌റ്റേറ്റ് രംഗത്ത് മോഡി സർക്കാരിന്റെ ഇടപെടൽ ഫലപ്രദമായ യാതൊരു പ്രതികരണവും സൃഷ്ടിക്കില്ലെന്ന് പ്രമുഖ നിർമാതാക്കൾതന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. സർക്കാർ വിലയിരുത്തുന്നതിനെക്കാൾ ആഴമേറിയ പ്രതിസന്ധിയാണ് ആ രംഗത്ത് നിലനിൽക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം നിക്ഷേപം നടക്കുന്നതും വൻതോതിൽ, നൈപുണ്യം ഉള്ളവരും ഇല്ലാത്തവരുമായ, തൊഴിൽ ശക്തി വിനിയോഗിക്കപ്പെടുന്നതും ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതുമായ കാതൽ സാമ്പത്തിക മേഖലയാണ് ഇത്. കയറ്റുമതി രംഗത്തെ ഉത്തേജിപ്പിക്കാൻ അമ്പതിനായിരം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രഖ്യാപിക്കപ്പെട്ട മൊത്തം തുകയിൽ 4045,000 കോടി രൂപ കയറ്റുമതി പ്രോത്സാഹനത്തിനായി വിവിധ ഇനങ്ങളിലായി തിരികെ നൽകേണ്ട തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാൽ ഉത്തേജകമായി വകയിരുത്തപ്പെട്ടിട്ടുളളത് കേവലം 5,000 മുതൽ 10,000 കോടി രൂപ വരെ മാത്രമാണ്. രാജ്യത്തിനു വിലപ്പെട്ട വിദേശ നാണ്യം നേടിത്തരുന്നതും വ്യാപാര കമ്മി നികത്തുന്നതിൽ നിർണായകവുമായ മേഖലയോടുള്ള മോഡി സർക്കാരിന്റെ കുറ്റകരമായ നിസ്സംഗ സമീപനമാണ് ഈ പ്രഖ്യാപനം തുറന്നുകാട്ടുന്നത്. ചുരുക്കത്തിൽ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയെ മാധ്യമ സമ്മേളനം വഴിയുള്ള പബ്ലിക് റിലേഷൻസ് വ്യായാമം കൊണ്ട് നേരിടാമെന്ന ധനമന്ത്രിയുടെയും മോഡി സർക്കാരിന്റെയും വ്യാമോഹമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനു മുമ്പ് നടത്തിയ രണ്ട് പ്രഖ്യാപനങ്ങളെപ്പോലെതന്നെ ജനങ്ങളെ കബളിപ്പിക്കാൻ മാത്രം ലക്ഷ്യംവെച്ചുള്ളതായിരുന്നു മൂന്നാം ഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപനവുമെന്ന് പറയേണ്ടി വരും.
അധികാര രാഷ്ട്രീയ ലഹരിക്ക് അടിമകളായി മാറിയ ഒരു പറ്റം ആളുകളാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഭരണരംഗം കയ്യാളുന്നത്. ഒരിക്കലും കൈവിട്ടുപോകാതെ അധികാരത്തിൽ അനന്തമായി അഭിരമിക്കുക, അത് ഉറപ്പാക്കുന്ന ഏത് കുടിലതന്ത്രങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുക, എന്നതിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാൽപര്യങ്ങൾക്ക് അവരുടെ രാഷ്ട്രീയത്തിൽ ഇടമില്ലെന്നാണ് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നത്. സമ്പദ്ഘടന രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴാണ് നിർമ്മലാ സീതാരാമൻ ഇക്കൊല്ലത്തെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. അതിന്റെ ബീഭത്സമായ സൂചനപോലും ഉൾക്കൊള്ളാതെയാണ് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിമറിക്കുന്നതിനെപ്പറ്റി അവർ വാചാലമായത്. കഴിഞ്ഞ 45 വർഷക്കാലത്തിനിടയിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയുടെയും ലക്ഷങ്ങൾ അടച്ചുപൂട്ടലിന്റെ കരിനിഴലിലായ ഓട്ടോ മൊബൈൽ വ്യവസായത്തിന്റെ പ്രതിസന്ധിയും കണ്ട ഭാവംപോലും നടിക്കാതെയായിരുന്നു അവരുടെ ബജറ്റ് വാചാടോപം. ഇപ്പോൾ അവർ പിന്തുടരുന്ന വിനാശകരമായ സാമ്പത്തിക നയപരിപാടികളുടെ ഉപജ്ഞാതാക്കളായ അന്താരാഷ്ട്ര നാണ്യനിധിപോലും തകർച്ച അവരുടെ തന്നെ കണക്കുകൂട്ടലുകൾക്കും അപ്പുറമാണെന്ന് തുറന്നു പറയുന്നു. ആ യാഥാർഥ്യം അംഗീകരിക്കാനോ അനുയോജ്യവും പ്രവർത്തനക്ഷമവുമായ പ്രതിവിധി നിർദേശിക്കാനോ ഇനിയും അവർ സന്നദ്ധമായിട്ടില്ല. ഏത് രോഗത്തിന്റെയും ചികിത്സ സൂക്ഷ്മതയോടുള്ള രോഗനിർണയത്തെ ആശ്രയിച്ചിരിക്കുന്നു. മോഡി സർക്കാരും നിർമ്മലാ സീതാരാമനും ആ യാഥാർഥ്യത്തെ അപ്പാടെ നിഷേധിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിനു കാരണം ചാക്രികമല്ലെന്നും ഘടനാപരമാണെന്നും സാമ്പത്തിക വിദഗ്ധരും സംഘടനകളും ഒരുപോലെ പറയുന്നു. ഘടനാപരം എന്നത് അവരുടെ കാഴ്ചപ്പാടിലും വിശകലനത്തിലും കോർപ്പറേറ്റ് അനുകൂല പരിഷ്‌കാരങ്ങളാണ്. എന്നാൽ ഇന്ത്യയെപ്പോലെ ഒരു ബൃഹത് രാഷ്ട്രത്തിൽ അത് തൊഴിലാളികളും കർഷകരും തൊഴിൽരഹിതരും പട്ടിണി പാവങ്ങളുമടങ്ങുന്ന അനേക കോടി ജനങ്ങളുടെ ജീവൽ പ്രശ്‌നമാണ്.
മോഡി സർക്കാരിന്റെ ഭ്രാന്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളിൽ തകർന്നുപോയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് കാതലായ പ്രശ്‌നം. അതിന് തൊഴിലും വരുമാനവുമുള്ള, ക്രയശേഷിയുള്ള, ഒരു ജനസഞ്ചയം കൂടിയേ തീരൂ. കൃഷിയിടങ്ങളിലും പണിശാലകളിലും ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളും ഉപഭോഗ വസ്തുക്കളും വാങ്ങാൻ ശേഷിയുള്ള ജനത തന്നെയാണ് പ്രശ്‌നം. അതിന് ആവശ്യമായ നടപടി സ്വീകരിക്കാതെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തേജക പാക്കേജുകൾ ഫലത്തിൽ പൊതുജനങ്ങളുടെ സമ്പത്ത് കോർപ്പറേറ്റ് ലാഭാർത്തിയുടെ തമോഗർത്തങ്ങളിൽ നിക്ഷേപിക്കലായിരിക്കും. ജനാനുകൂലമായ സാമ്പത്തിക ഉത്തേജക നയപരിപാടിക്ക് സർക്കാരിനെ നിർബന്ധിതമാക്കുക എന്നതുതന്നെയാണ് മുഖ്യ വെല്ലുവിളി. 

Latest News