Wednesday , February   19, 2020
Wednesday , February   19, 2020

മരട്: പ്രതിസന്ധി രൂക്ഷമാകുമ്പോൾ

തീർച്ചയായും ഇത്രയും വലിയ ഫഌറ്റ് സമുച്ചയങ്ങൾ പൊളിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ഇന്ത്യയിൽ ഇത്രമാത്രം ഉയരമുള്ള കെട്ടിടങ്ങളൊന്നും ഇങ്ങനെ പൊളിച്ചിട്ടുമില്ല. കായലോരത്തു സ്ഥിതി ചെയ്യുന്ന ഈ വൻകെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം ചെറുതാകില്ല. കൂടാതെ പിന്നീട് ഈ നാനൂറോളം കുടുംബങ്ങൾ വീടുവെക്കുമ്പോൾ ഉപയോഗിക്കുന്ന മണലും കല്ലുമൊക്കെ കണക്കിലെടുത്താൽ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ വേറെ. അതുമായി ബന്ധപ്പെട്ട ഹരജിയും സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്. 

മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കുമ്പോഴും വിഷയത്തിൽ ഒരടി പോലും മുന്നോട്ടുപോകാൻ സർക്കാരിനോ മറ്റധികൃതർക്കോ സാധ്യമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 23ന് സുപ്രിം കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ട ചീഫ് സെക്രട്ടറി ടോം ജോസ് ഇരുട്ടിൽ തപ്പുകയണെന്നാണ് റിപ്പോർട്ട്.  ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയതായും ഫ്ളാറ്റ് പൊളിക്കാനുള്ള ടെൻഡർ വിളിച്ചതായും കാണിച്ച് സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകാനാണ് സെക്രട്ടറിയുടെ നീക്കം. പാരിസ്ഥിതിക ആഘാതം കൂടാതെ കെട്ടിടം പൊളിച്ചു നീക്കാൻ സാവകാശം വേണമെന്നും കോടതിയിൽ ആവശ്യപ്പെടും. അതെത്ര മാത്രം ഫലവത്താകുമെന്ന് കാത്തിരുന്നു കാണണം.
മറുവശത്ത്  ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉടമകൾ തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ട്. നോട്ടീസ് നൽകിയെന്നല്ലാതെ നഗരസഭയും വിഷയത്തിൽ ഒരടി പോലും മുന്നോട്ടുപോയിട്ടില്ല. ഫഌറ്റുടമകളോടൊപ്പം നിൽക്കാനുള്ള സർക്കാരിന്റേയും സർവ്വകക്ഷി യോഗത്തിന്റേയും തീരുമാനത്തിന്റെ പിൻബലത്തിലാണ് നഗരസഭ.
തീർച്ചയായും ഇത്രയും വലിയ ഫഌറ്റ് സമുച്ചയങ്ങൾ പൊളിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ഇന്ത്യയിൽ ഇത്രമാത്രം ഉയരമുള്ള കെട്ടിടങ്ങളൊന്നും ഇങ്ങനെ പൊളിച്ചിട്ടുമില്ല. കായലോരത്തു സ്ഥിതി ചെയ്യുന്ന ഈ വൻകെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം ചെറുതാകില്ല. കൂടാതെ പിന്നീട് ഈ നാനൂറോളം കുടുംബങ്ങൾ വീടുവെക്കുമ്പോൾ ഉപയോഗിക്കുന്ന മണലും കല്ലുമൊക്കെ കണക്കിലെടുത്താൽ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ വേറെ. അതുമായി ബന്ധപ്പെട്ട ഹരജിയും സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്. 
പൊളിച്ചാൽ തന്നെ ഇപ്പോഴത്തെ നിയമമനുസരിച്ച് ഫഌറ്റ് നിർമ്മിക്കാമെന്നും പറയപ്പെടുന്നു. എങ്കിൽ പിന്നെ കുറ്റക്കാർക്കെതിരെ വലിയ ഫീസ് ചുമത്തി പൊളിക്കൽ ഒഴിവാക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുകയുമാണ് വേണ്ടത് എന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. പക്ഷെ നിയമം നടപ്പാക്കാൻ ബാധ്യസ്ഥമായ കോടതിക്ക് അത്തരമൊരു നിലപാടെടുക്കാൻ കഴിയില്ല എന്നതും സുപ്രിം കോടതി വിധിയെ മറികടക്കാൻ സർക്കാരിനാവില്ല എന്നതുമാണ് പ്രശ്‌നത്തെ കൂടുതൽ സങ്കിർണ്ണമാക്കുന്നത്. 
അതേസമയം ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. സംഭവത്തിൽ അധികാരികളും നിർമ്മാതാക്കളും ഉടമകളും കുറ്റക്കാർ തന്നെയാണ്. 2006 ൽ സി.പി.എം നേതൃത്വത്തിൽ മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളിഡേ ഹെറിറ്റേജ് , ജയിൻ ഹൗസിംഗ് , കായലോരം അപ്പാർട്ട്മെന്റ് തുടങ്ങിയ അഞ്ചു ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയത്. തുടർന്ന് യു.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ കുടിപാർപ്പവകാശവും നൽകി. 
എന്നാൽ ആ സമയത്തുതന്നെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് തീരദേശത്ത് ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് പഞ്ചായത്ത് വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഫ്ളാറ്റുകൾ പൊളിച്ചു നീക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി. എന്നാൽ മറുപടി നൽകാതെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പന്നീട് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഹൈക്കോടതിവരെ പോരാടിയെങ്കിലും വിജയം ഫ്ളാറ്റുടമകൾക്കായിരുന്നു. എന്നാൽ സുപ്രിംകോടതിയിലെ അപ്പീലിൽ വിധി തിരിച്ചാകുകയായിരുന്നു. ഇക്കാലയളവിൽ നിബന്ധനയോടെയുള്ള താൽക്കാലിക അനുമതിയാണ് നൽകിയതെന്നാണ് നഗരസഭ പറഞ്ഞത്. അക്കാര്യം നിർമ്മാതാക്കൾക്കും ഉടമകൾക്കും അറിയാമെന്നും നഗരസഭ പറയുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടുനടന്ന സർവ്വകക്ഷി യോഗം നിയമവാഴ്ചക്കെതിരായ വെല്ലുവിളിയാണെന്നതിൽ സംശയമില്ല.  സുപ്രിം കോടതി ഉത്തരവിനെ എങ്ങനെ മറികടക്കാമെന്നാണ് സർവ്വകക്ഷി യോഗം ചർച്ച ചെയ്തത്, അതിനായി  കേന്ദ്ര സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഒരിക്കലും ഒരു സർക്കാരോ സർവ്വകക്ഷി സംഘമോ എടുക്കാൻ പാടില്ലാത്ത തീരുമാനമാണിത്. 
ശബരിമല വിഷയത്തിലും ഇക്കാര്യം ഏറെ ചർച്ച ചെയ്തതാണല്ലോ. അന്നു മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നില്ലല്ലോ. അനധികൃതമായി പരസ്യമായ നിയമലംഘനം നടത്തി ഫഌറ്റ് സമുച്ചയം നിർമിക്കാനും കച്ചവടം നടത്താനും ഏതൊക്ക  ഉദ്യോഗസ്ഥരും രാഷ്ട്രീകക്ഷികളുമാണ് ഇടപെട്ടത് എന്നും ആരൊക്കെ ചേർന്നാണ് ഹൈക്കോടതിയെ സ്വാധീനിച്ചതെന്നതും അന്വേഷിക്കാൻ ഇപ്പോഴും സർക്കാർ തയ്യാറാകുന്നില്ല.  പരസ്യമായ  നിയമലംഘനത്തെ സാധൂകരിക്കലല്ല ഈ സർവകക്ഷിയോഗം ചെയ്യേണ്ടിയിരുന്നത്. ഇങ്ങനെയാണെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.
തികച്ചും മാനുഷികമായ പരിഗണന അർഹിക്കുന്ന മുത്തങ്ങ, മൂലമ്പിള്ളി, ഗെയ്ൽ പദ്ധതി, ദേശീയപാതാവികസനം എന്നിവയിലെല്ലാം കുടിയൊഴിക്കപ്പെട്ടവരെ ശത്രുക്കളായി കണ്ടവരാണ് ഇവരിൽ ഭൂരിഭാഗവും എന്നതാണ് വൈരുധ്യം. 
ചെങ്ങറയിലും അരിപ്പയിലും തൊവരിമലയിലുമൊക്കെ ആദിവാസി - ദളിത് വിഭാഗങ്ങൾ ഭൂമിക്കായി നടത്തുന്ന സമരങ്ങളിലും ഇവരൊക്കെ എതിർ പക്ഷത്താണ്. വി എസ്, കാനം , സുധീരൻ തുടങ്ങിയ ഏതാനും നേതാക്കളും രാഹുൽ ഗാന്ധി, ടി എൻ പ്രതാപൻ, പ്രേമചന്ദ്രൻ തുടങ്ങിയ എം പിമാരുമാണ് വ്യത്യസ്ത നിലപാടെടുത്തത് എന്നു പറയാതെ വയ്യ. 
മാത്രമല്ല, മേൽപറഞ്ഞ കുടിയൊഴിക്കലിലൊക്കെ ഇരകൾ നടത്തിയ പോരാട്ടങ്ങളെ തീവ്രവാദികളുടെ സമരമെന്നാരോപിച്ചവരാണ് ഇവിടെ സമരം നടത്തുന്ന ഉടമകൾക്കൊപ്പമെന്നതും ശ്രദ്ധേയമാണ്. വിഷയത്തിന്റെ പരിഹാരം എങ്ങനെയായാലും ഈ വസ്തുതകൾ തുറന്നു കാണിക്കേണ്ടത് നീതിന്യായ സംവിധാനത്തിൽ വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണ്.

Latest News