Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

എവിടെ മാന്ത്രികവടി?

രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഫലപ്രദമായ നടപടികൾ എങ്ങും കാണുന്നില്ല. സാധാരണക്കാരന്റെ ജീവിതം അട്ടിമറിക്കുന്ന രീതിയിലേക്ക് പ്രതിസന്ധി വളരുമ്പോഴും സർക്കാർ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി  അതിനു പിന്നിൽ ഒളിച്ചിരിക്കുകയാണ്. ദീർഘകാല പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുന്നുവെന്നാണ് എല്ലാ സാമ്പത്തിക സൂചകങ്ങളുടേയും മുന്നറിയിപ്പ്

രാജ്യത്തെ മാരകമായി ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച വാർത്തകളാണ് ഏതാനും ആഴ്ചകളായി വാർത്തകളിൽ നിറയുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ പിടിപ്പുകേടും സർക്കാരിന്റെ ഉത്തേജക പാക്കേജുകളുടെ നിഷ്ഫലതയും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കമ്പനികൾ ഉൽപാദനം വെട്ടിക്കുറക്കുകയും ജോലികളിൽനിന്ന് ആളുകളെ പിരിച്ചുവിടുകയും ചെയ്യുന്നു. ഒന്നാം മോഡി സർക്കാരിന്റെ പ്രധാന ഭരണനേട്ടമായി വിശേഷിപ്പിക്കാവുന്ന തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. സൈക്ലിക്കൽ സ്ലോഡൗൺ എന്ന് ഈ സാമ്പത്തിക പ്രതിസന്ധിയെ വിശേഷിപ്പിക്കുന്ന മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൻ ജലാൻ, സാധാരണഗതിയിലേക്ക് സ്ഥിതിഗതികൾ എത്താൻ രണ്ടു വർഷമെങ്കിലുമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ഗുരുതരമായ ഈ പ്രതിസന്ധിയെ രാഷ്ട്രീയ വിവാദങ്ങളുയർത്തി ജനശ്രദ്ധ തിരിച്ചുവിട്ട് നേരിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ പ്രസ്താവന അതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരിൽ സാധാരണക്കാർ മുതൽ രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും വരെയുണ്ട്. ഏതാനും ദിവസം മുമ്പ് നിക്ഷേപ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് സഹായകരമാകുംവിധം ഒരു ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് വ്യവസായ മേഖലക്കായി പ്രഖ്യാപിക്കണമെന്ന് ആ മേഖലയിലെ ഉന്നതർ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. 
തളർന്നു കിടക്കുന്ന ഓട്ടോ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരമായി ജി.എസ്.ടിയിൽ വെട്ടിക്കുറവ് വേണമെന്നും ചിലർ ആവശ്യപ്പെടുന്നു.  ദീർഘകാല പ്രതിസന്ധിയാണ് നിരവധി സാമ്പത്തിക സൂചകങ്ങൾ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദശകങ്ങളിലെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഈ മാന്ദ്യത്തിന് കാരണമെന്നും അത് തിരുത്തി സാമ്പത്തിക മേഖലക്ക് ഉണർവ് പകരാൻ വർഷങ്ങളെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. സാമ്പത്തിക മാനേജ്്‌മെന്റിൽ മാജിക്കുകളൊന്നും കാണിക്കാൻ കഴിയാത്ത, നിർമല സീതാരാമന് ഈ പ്രതിസന്ധി അതിജീവിക്കുക അസാധ്യമാണെന്നത് കേവല രാഷ്ട്രീയ വിമർശമായി കാണാൻ സാധ്യമല്ല. 
വ്യവസായ മേഖലയെ ബി.ജെ.പി കഴിഞ്ഞ ഒരു വർഷത്തിനിടെ എത്രതവണയാണ് കണ്ടതെന്നതിൽനിന്നു തന്നെ സർക്കാരിന്റെ പരിഭ്രാന്തി വ്യക്തമാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്ന സമയത്തും പിന്നീട് വോട്ട് ഓൺ അക്കൗണ്ട് വേളയിലും അതുകഴിഞ്ഞ് ബജറ്റിന് മുമ്പും പിന്നീട് ഈയിടെ വീണ്ടും ബി.ജെ.പി നേതാക്കളും ധനമന്ത്രിയും വ്യവസായ മേഖലയിലെ പ്രമുഖരുമായും സംഘടനകളുമായും ചർച്ചകൾ നടത്തിയിരുന്നു. 
ആറു മാസത്തിനിടെ നടന്ന അഭൂതപൂർവമായ ഈ ചർച്ചകൾക്ക് ശേഷവും സാമ്പത്തിക രംഗത്തെ മാന്ദ്യം ശക്തിപ്പെടുകയാണ് ചെയ്തത്. 
ഏതെങ്കിലും പ്രത്യേക മേഖലക്ക് നൽകുന്ന ഉത്തേജന പാക്കേജുകൾകൊണ്ട് സാമ്പത്തിക മേഖലയെ ഉണർത്താൻ സാധ്യമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
മോഡി സർക്കാരിന്റെ മറ്റൊരു പ്രധാന നേട്ടമായ നോട്ടുനിരോധവും തുടർന്ന് തെറ്റായ രീതിയിൽ നടപ്പാക്കിയ ജി.എസ്.ടിയുമാണ് സാമ്പത്തിക രംഗത്തെ ആദ്യ പ്രഹരം. ചെറുകിട വ്യവസായ മേഖലയേയും താഴെ തട്ടിലുള്ള ജനങ്ങളുടെ സാമ്പത്തിക ഇടപാടുകളേയും ഗുരുതരമായി ബാധിച്ച ആ തെറ്റായ നയങ്ങളെ വർഗീയ ധ്രുവീകരണമുണ്ടാക്കി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ ഇപ്പോഴും നീതീകരിക്കുകയാണ് ഭരണകക്ഷിയും സർക്കാരും. തിരുത്തൽ സാധ്യമല്ലാത്ത പ്രഹരമാണ് അന്ന് സാമ്പത്തിക മേഖലക്ക് മോഡി സർക്കാർ ഏൽപിച്ചത്. അത് പരിഹരിക്കാൻ കയറ്റുമതി മേഖലക്കോ ഭവനമേഖലക്കോ മാത്രമായി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ടായില്ല. 
യഥാർഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ ചെപ്പടിവിദ്യ കൊണ്ട് പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്‌നമെന്ന് സാരം. 
ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതുകൊണ്ടുമാത്രം ഒരു സർക്കാരിന് സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുക സാധ്യമല്ല. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട് എന്ന മറുപടി പര്യാപ്തമല്ല. സാമ്പത്തിക വിദഗ്ധരിൽ പലരും ചൂണ്ടിക്കാണിക്കുന്നത് പ്രതിസന്ധി പരിഹരിക്കാൻ അധികം വഴികളൊന്നുമില്ലെന്നാണ്. 
വ്യവസായ മേഖല ആവശ്യപ്പെടുന്ന ഒരു ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് ഒന്നോ രണ്ടോ മേഖലകളെ മാത്രം സഹായിച്ചേക്കാം. എന്നാൽ സമഗ്രമായ പ്രശ്‌നപരിഹാരത്തിന് ഇത് പ്രയോജനപ്പെടില്ല. പ്രതിസന്ധിയുടെ വേരുകളിലേക്ക് പോയി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഈ പണവും പാഴായിപ്പോകുമെന്ന് ചുരുക്കം.
സാമ്പത്തിക രംഗത്ത് ഘടനാപരമായ പരിഷ്‌കാരങ്ങളാണ് വേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2019 ലെ ബജറ്റിൽ പ്രശ്‌ന പരിഹാരത്തിനുള്ള സുവർണാവരം സർക്കാർ കളഞ്ഞുകുളിച്ചെന്ന കണ്ടെത്തൽ, സർക്കാരിന്റെ കഴിവുകേട് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. 2022 വരെ പ്രതിവർഷം നാല് ലക്ഷം കോടിയുടെ നിക്ഷേപമാണ് രാജ്യത്തിന് ആവശ്യം. 
എങ്കിൽ മാത്രമേ സമ്പദ് രംഗത്തിന്റെ റീസ്റ്റാർട്ട് സാധ്യമാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വളർച്ചാ നിരക്ക് രണ്ടക്കമെത്തണമെങ്കിൽ ഈ നിക്ഷേപം ഇന്ത്യക്ക് അനിവാര്യമാണ്. അടിസ്ഥാനസൗകര്യ മേഖലയിൽ മാത്രം വൻതോതിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരില്ല.
എങ്ങനെ, എവിടെനിന്ന് ഈ നിക്ഷേപമെത്തും എന്നതാണ് പ്രധാനം. നികുതികൾ വെട്ടിക്കുറക്കുന്നതുകൊണ്ടു മാത്രം അത് സാധ്യമാകുമോ. സാമ്പത്തിക നയങ്ങളുടെ സൈദ്ധാന്തിക വശങ്ങളിൽ പുനരാലോചന വേണമെന്ന് ഇത് വ്യക്തമാക്കുന്നു. ചാക്രികമായ പരിഷ്‌കാരമല്ല, ഘടനാപരമായ പൊളിച്ചെഴുത്താണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു. വളർച്ചാ നിരക്ക് 12 മുതൽ 16 ശതമാനം വരെ എത്തിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരാണ് അന്താരാഷ്ട്ര നാണയ നിധിയിലേയും മറ്റും വിദഗ്ധർ. 
രണ്ട് ആഗോള ഉൽപാദകർ, ഇന്ത്യയിലെ അവരുടെ കമ്പനികൾ പൂട്ടി ചൈനയിലേക്ക് പോകാനുള്ള തീരുമാനം ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മേക് ഇൻ ഇന്ത്യ പദ്ധതിക്ക് കനത്ത തിരിച്ചടി ആയേക്കാവുന്ന ഈ തീരുമാനം ഇതുവരെ കാര്യമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 
വിദേശനിക്ഷേപ രംഗത്ത് കാര്യമായ മുന്നേറ്റം ആവശ്യമായിരിക്കുന്ന വേളയിലാണ് വിദേശകമ്പനികളുടെ പിന്മാറ്റം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുതലെടുക്കാൻ പോലും നമ്മുടെ പതുക്കെ ചലിക്കുന്ന ഉദ്യോഗവൃന്ദത്തിനോ രാഷ്ട്രീയ നേതൃത്വത്തിനോ കഴിയുന്നില്ല. 
അഞ്ച് ട്രില്യൻ എക്കണോമിയുടെ വായാടിത്തങ്ങൾക്കപ്പുറം യാഥാർഥ്യങ്ങൾക്ക് നിരക്കുന്ന നടപടികൾ എങ്ങും കാണാനില്ല. ജനശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ ചെപ്പടിവിദ്യകൾക്ക് പിന്നാലെ, ജനങ്ങൾ പായുമ്പോൾ, സാധാരണക്കാരന്റെ ജീവിതമാണ് ചവിട്ടിമെതിക്കപ്പെടുന്നത്. അത് തിരിച്ചറിയാൻ നാം ഏറെ വൈകുമെന്ന് മാത്രം.