Sorry, you need to enable JavaScript to visit this website.

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഉത്തരങ്ങള്‍ സ്വീകരിച്ച സ്മാര്‍ട്ട് വാച്ചുകള്‍ പുഴയില്‍ ഒഴുക്കി

തിരുവനന്തപുരം- പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ മുഖ്യതെളിവാകേണ്ടിയിരുന്ന മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചുകളും നശിപ്പിച്ചതായി മുഖ്യപ്രതി പി.പി. പ്രണവിന്റെ വെളിപ്പെടുത്തല്‍. ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്നാണ് പ്രണവ് തെളിവെടുപ്പില്‍ വെളിപ്പെടുത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ത്താനുള്ള ക്രമീകരണം ഒരുക്കിയതു നസീമാണെന്നും ഇയാള്‍ വെളിപ്പെടുത്തി. സ്മാര്‍ട്ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്നു നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.  


മൂന്ന് സ്മാര്‍ട്ട് വാച്ചുകളും രണ്ട് മൊബൈല്‍ ഫോണുകളുമാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പിനു പ്രധാനമായും ഉപയോഗിച്ചത്.  ഗോകുലും സഫീറും ഫോണിലൂടെ അയച്ചു കൊടുത്ത ഉത്തരങ്ങള്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചാണു നസീമും ശിവരഞ്ജിത്തും പ്രണവും സ്വീകരിച്ചത്.

നസീമിന്റേതടക്കം രണ്ട് സ്മാര്‍ട്ട് വാച്ചുകള്‍ പ്രണവാണ് സൂക്ഷിച്ചിരുന്നത്.  ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ചുപൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞിരിക്കുന്നത്. സഫീറിനും ഗോകുലിനൊപ്പം മുണ്ടക്കയത്തെ സുഹൃത്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും പ്രണവ് സമ്മതിച്ചു.

ചോദ്യപേപ്പര്‍ എങ്ങിനെ ചോര്‍ന്നു എന്ന നിര്‍ണായക കാര്യത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഒളിവില്‍ കഴിഞ്ഞ സമയത്തു ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാവും കള്ളമൊഴികളെന്ന് വിലയിരുത്തുന്ന അന്വേഷണ സംഘം  ശാസ്ത്രീയതെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ്.  

 

Latest News